കിഴക്കന്‍ മലയോര മേഖലയില്‍ അജ്ഞാതരോഗം ബാധിച്ച് വെറ്റിലക്കൃഷികള് നശിക്കുന്നു
കിഴക്കന്‍ മലയോര മേഖലയില്‍ അജ്ഞാതരോഗം ബാധിച്ച് വെറ്റിലക്കൃഷികള് വ്യാപകമായി നശിക്കുന്നതു മൂലം കര്‍ഷകര്‍ ആശങ്കയില്‍. കൊല്ലം ജില്ലയിലെ തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കലില്‍ ആണ് രോഗം വെറ്റിലക്കൊടികളില്‍ വ്യാപകമാകുന്നത്. രോഗം ബാധിച്ച് ആനപെട്ടകോങ്കല്‍ നെടുംപച്ച മേഖലകളിലെ എട്ട് വെറ്റിലത്തോട്ടങ്ങള്‍ നശിച്ചു. വെറ്റില ചുരുളുന്നതാണ് രോഗ ലക്ഷണം വെറ്റില്ലക്ക് അടിയില്‍ സൂഷ്മ ജീവികളെയും കാണാം.
രോഗം ഒരുതവണ വന്ന് വെറ്റിലക്കൊടി നശിച്ച സ്ഥലത്ത് വീണ്ടും വെറ്റിലക്കൃഷി ചെയ്യാന്‍ കഴിയില്ല. ഇവിടെ കൃഷി നടത്തിയാല്‍ രോഗം വീണ്ടും ഉണ്ടാകും. മറ്റ് വിളകള്‍ കൃഷിചെയ്ത ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇവിടെ വെറ്റിലക്കൃഷി നടത്താന്‍ കഴിയൂ എന്ന നിലയിലാണ്. കൂടിയ ആര്‍ദ്രതയും മൂടിക്കെട്ടിയ അന്തരീക്ഷവും പകല്‍സമയത്തെ കൂടിയ ചൂടുമാണ് രോഗത്തിന് കാരണമാകുന്നതെന്ന് പറയപ്പെടുന്നു.
കൊട്ടാരക്കര കെ.വി.കെയില്‍ വെറ്റില പരിശോധന നടത്തി എങ്കിലും രോഗം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി .
വെറ്റില കൃഷി ഇറക്കിയത് നഷ്ടത്തിലായി എന്ന് വെറ്റില കര്ഷകന് ജോസ് ഡേവിഡ് പറയുന്നു.
അഞ്ചു മുതല്‍ ഒരേക്കര്‍ വരെ സ്ഥലത്ത് വെറ്റിലക്കൃഷി ചെയ്യുന്ന നിരവധി കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. ഇവരില്‍ ഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗ്ഗം വെറ്റിലക്കൃഷി മാത്രമാണ്. ഒരു കെട്ട് വെറ്റിലയ്ക്ക് സാധാരണനിലയില്‍ 20 മുതല്‍ 70 രൂപ വരെയാണ് വില. സീസണല്ലാത്ത സമയങ്ങളില്‍ വില ഇതിലും കൂടും. വര്‍ഷത്തില്‍ മുഴുവന്‍ സമയവും ആഴ്ചയില്‍ ഒരു തവണ വിളവെടുപ്പ് നടത്തുന്ന കൃഷിയാണിത്.
പുനലൂര്‍ ചന്തയിലാണ് വിപണനത്തിനായി കര്‍ഷകര്‍ വെറ്റില എത്തിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് വാങ്ങുന്ന വെറ്റിലക്കച്ചവടക്കാര് തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേക്കും പാകിസ്താന്, സിങ്കപ്പുര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നുണ്ട്. തിരൂര്‍ വെറ്റിലപോലെ മധ്യതിരുവിതാംകൂറിലെ വെറ്റിലയും മാര്‍ക്കറ്റില്‍ ഏറെ പ്രിയമുള്ളതാണ്.
സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയും മറ്റ് സ്വകാര്യ ഔഷധ നിര്‍മാതാക്കളും താംബൂല രസായന നിര്‍മാണത്തിനും മറ്റ് ഔഷധങ്ങളുടെ നിര്‍മാണത്തിനും ഇവിടെ നിന്ന് വെറ്റില വാങ്ങി ഉപയോഗിക്കുന്നുണ്ട്.
മിത്രകുമിള്‍ നാശിനിയായ സ്യൂഡോമൊണസ് ഫ്ലറിസെന്സ് വെറ്റിലക്കൊടികളില്‍ തളിച്ചും ട്രൈക്കോ ഡര്‍മ വിറിഡേ ചേര്‍ത്ത് വേപ്പിന്‍പിണ്ണാക്കും ചാണകപ്പൊടിയും പ്രത്യേക അനുപാതത്തില്‍ കലര്‍ത്തിയ വെറ്റിലക്കൊടികളുടെ ചുവട്ടിലിട്ടും രോഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ