നഗരസഭയുടെ 2020-21 സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ അവതരിപ്പിച്ചു.
104.83 കോടി രൂപ വരവും 99.49 കോടി രൂപ ചെലവും 5.33 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ കൗൺസിൽ യോഗം ബജറ്റ് പാസാക്കി.
ഭൂരഹിത ഭവനരഹിതർക്കെല്ലാം വീടും വസ്തുവും ആർജിക്കുന്നതിനുള്ള പദ്ധതിയാണ് ബജറ്റിലെ മുഖ്യനിർദേശം.
5.5 കോടിയുടെ ആധുനിക മാർക്കറ്റ്, 11 കോടിയുടെ ആധുനിക കശാപ്പുശാല, ടൗൺ ഹാൾ, സ്റ്റേഡിയം നിർമാണം, ഏഴുനില വ്യാപാരസമുച്ചയ നിർമാണം എന്നിങ്ങനെയുള്ള ബൃഹത് പദ്ധതികളോടൊപ്പം
കുടുംബശ്രീവഴി നടപ്പാക്കുന്ന കുടുംബശ്രീ ബസാർ, കുടുംബശ്രീ മാർക്കറ്റ്, കുടുംബശ്രീ ഷോപ്പി എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഊണിന് 25 രൂപ ഈടാക്കുന്ന അഞ്ച് കുടുംബശ്രീ ഹോട്ടലുകൾക്കും അഞ്ച് വയോ ക്ലബ്ബുകളുടെ പരിപാലനത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞകാല ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്ന നീരദ പദ്ധതിയുടെ ഭാഗമായി ജപ്പാൻ കുര്യോട്ടുമല പദ്ധതികളിൽനിന്ന് പുനലൂരിന് വെള്ളമെത്തിക്കാൻ കഴിഞ്ഞതായും ദേശീയ മാതൃകയായി മാലിന്യസംസ്കരണപദ്ധതിയെ മാറ്റാൻ കഴിഞ്ഞതായും ബജറ്റിൽ പറയുന്നു. കെ.എസ്.ആർ.ടി.സി.യോടു ചേർന്ന് നദീതീരത്തിലെ ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരുന്നതായും കാർഷികമേഖലയ്ക്ക് ഉണർവേകാൻ കഴിഞ്ഞതായും കോവിഡ്-19 പ്രതിരോധപ്രവർത്തനത്തിന് സംസ്ഥാനത്താകമാനം ഉപയോഗിക്കാൻ നഗരസഭയുടെ പ്രിമെറോ അപ്പാരൽ പാർക്ക് വഴി പതിനായിരക്കണക്കിന് മാസ്കുകളും കുടുംബശ്രീവഴി സാനിെറ്റെസറുകളും നിർമിക്കാൻ കഴിഞ്ഞതായും ബജറ്റിൽ പറയുന്നു.
ലോക്ഡൗൺ ഉത്തരവ് നിലനിൽക്കുന്നതിനിടെ കളക്ടറുടെ പ്രത്യേകാനുമതി നേടിയാണ് വ്യാഴാഴ്ച കൗൺസിൽ യോഗം നടത്തിയത്.
ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാനിറ്റൈസറും മുഖാവരണങ്ങളും നൽകിയും ഒരു മീറ്റർ വീതം അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചുമാണ് യോഗം നടത്തിയത്.
അവതരണത്തിനു ശേഷം ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കി ചർച്ച കൂടാതെ ബജറ്റ് പാസാക്കണം എന്ന അഭ്യർത്ഥന പ്രതിപക്ഷത്തെ തുമ്പോട് വാര്‍ഡ് കൌണ്‍സിലര്‍ സഞ്ജു ബുക്കാരിയും പവര്‍ ഹൌസ് വാര്‍ഡ് കൌണ്‍സിലര്‍ ജയപ്രകാശും എതിർത്തു.
കൊറോണ വ്യാപിക്കുന്ന ഈ സമയത്ത് ഭരണപരമായ പ്രതിസന്ധി നേരിടാതെ ഇരിക്കുവാന് വേണ്ടി ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത് എന്നും തുടര്‍ ചര്‍ച്ചകള്‍ പിന്നീട് നടത്താം എന്നുള്ള ഭരണ കക്ഷി തീരുമാനത്തെയാണ് പ്രതിപക്ഷം എതിര്‍ത്തത്.
തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
സമഗ്രമായ ചർച്ച വേണമെന്ന ആവശ്യം അനുവദിക്കാതിരുന്നതിനാലാണ് പ്രതിപക്ഷത്തെ യു.ഡി.എഫ്. അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയത്. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവായ എം.എ.രാജഗോപാലും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവായ നെൽസൺ സെബാസ്റ്റ്യനും മാത്രമാണ് ചർച്ചയിൽ സംസാരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ