സർക്കാർ ജീവനക്കാരിയെ ആക്ഷേപിച്ചെന്ന പരാതിയിൽ സി.പി.ഐ നേതാവിനെതിരെ ഡിജിപിയുടെ നിർദേശത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
തെന്മല പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടികളെടുത്തിരുന്നില്ല.
തുടർന്ന് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കേസെടുക്കുവാൻ തെന്മല പോലീസിന് ഡിജിപി നിർദേശം നൽകിയത്.
സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി അംഗവും ആര്യങ്കാവ് ലോക്കൽ സെക്രട്ടറിയും ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ബി.അനിമോന് എതിരെയാണ് പോലീസ് കേസെടുത്തത്.
ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയായ ഷീബയാണ് പരാതി നൽകിയത്.
2019 സെപ്റ്റംബറിൽ ജോലി സംബന്ധിച്ച കാര്യത്തിനായി ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിലെത്തിയപ്പോൾ ജീവനക്കാരുടേയും നാട്ടുകാരുടെയും മുന്നിൽ വച്ച് കയർത്തും മോശമായ ഭാഷയിലും സംസാരിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
അടുത്ത ദിവസം തന്നെ തെന്മല പോലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ ഭരണകക്ഷിയിലെ പ്രമുഖ കക്ഷിയുടെ നേതാവെന്ന നിലയിൽ ഉന്നത ഇടപെടലിനെ തുടർന്ന് ആറ് മാസം കഴിഞ്ഞിട്ടും നടപടികൾ എടുത്തില്ലെന്നും അതാണ് ഒടുവിൽ ഡിജിപിയെ സമീപിച്ചതെന്നും ഷീബ പറയുന്നു.
ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് കേസെടുത്തതായും സംഭവത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നും തെന്മല സർക്കിൾ ഇൻസ്പക്ടർ മണികണ്ടൻ ഉണ്ണി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ