കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട്ടിലേക്കു കടത്തിവിടുന്നില്ലെന്നു പരാതി. നിയന്ത്രണങ്ങളുടെ ഭാഗമായി തെങ്കാശി ജില്ലാ കലക്ടർ അരുൺ സുന്ദർ ദയാലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ പുളിയറ പൊലീസ് ചെക്പോസ്റ്റിൽ പരിശോധന ശക്തമാക്കിയിരുന്നു. കേരളത്തിൽ നിന്നെത്തുന്ന വാഹനയാത്രക്കാരെ പരിശോധിച്ച് തിരിച്ചറിയൽ രേഖയുടെ നമ്പറും രേഖപ്പെടുത്തിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. കലക്ടർ പോയതിന് ശേഷമെത്തിയ തെങ്കാശി ഡിവൈഎസ്പി കേരളത്തിൽ നിന്നെത്തിയ വാഹനങ്ങൾ തിരിച്ചയയ്ക്കാൻ തുടങ്ങി.
കേരള റജിസ്ട്രേഷനിലുള്ള വാഹനങ്ങൾ മടക്കി അയയ്ക്കുകയായിരുന്നു. ഇതോടെ സംസ്ഥാനാന്തര പാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പുളിയറ മുതൽ എസ് വളവുവരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. മറുവശത്ത് കേരളത്തിലേക്കുള്ള ചരക്കു വാഹനങ്ങളും അകപ്പെട്ടു. തമിഴ്നാട് സർക്കാരിന്റെ അറിയിപ്പനുസരിച്ച് 31 വരെ വാഹനങ്ങൾക്ക് നിയന്ത്രണുണ്ടാകുമെന്നാണ് ഡിവൈഎസ്പി പറയുന്നത്. എന്നാൽ യാത്രാവിലക്കില്ലെന്നും സഞ്ചാരികളെയും അനാവശ്യ യാത്രക്കാരെയും നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കലക്ടർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ