കുട്ടിയെ ഉപദ്രവിച്ച കേസില്‍ കൊല്ലം തടിക്കാട് സ്വദേശിയുടെ ഇടുക്കി ഉപ്പുതറ വീട്ടിൽ പോലീസ് തെളിവെടുപ്പിനെത്തിയപ്പോള്‍ കിട്ടിയത് പന്ദ്രണ്ടര ലക്ഷത്തിന്റെ കള്ളനോട്ട്.
ആദ്യ ഭാര്യയിലുണ്ടായ കുട്ടിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പോക്സോ ചുമത്തിയ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍.
സ്വന്തം റിസോര്‍ട്ടില്‍ നിര്‍മിച്ചത് പന്ദ്രണ്ടര ലക്ഷത്തിന്റെ കള്ളനോട്ട്.
നാടും നഗരവും കൊവിഡ് ഭീതിയിലായിരിക്കെ സ്വന്തം റിസോര്‍ട്ടില്‍ കള്ളനോട്ട് നിര്‍മാണം നടത്തിയ കൊല്ലം തടിക്കാട് സ്വദേശി വരാലഴികത്ത് 33 വയസുള്ള ഹനീഫ ഫിറോസിനെയാണ് പൊലീസ് പിടികൂടിയത്.
കള്ള നോട്ടുകളുമായി കൈയോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
12 ലക്ഷത്തി 58 ആയിരം രൂപയുടെ കള്ളനോട്ടാണ് ഇയാള്‍ സ്വന്തമായി നിര്‍മിച്ച് സൂക്ഷിച്ചിരുന്നത്.
കൊവിഡ് ഭീതിക്കിടെ കള്ളനോട്ടുകള്‍ പുറത്തിറക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ ഇതിനു മുന്‍പ് പിടിവീണതോടെ ജില്ല കേന്ദ്രീകരിച്ചു നടക്കാനിരുന്ന വന്‍ കള്ളനോട്ട് ഇടപാടിനുള്ള പദ്ധതിയാണ് പാളിയത്.
ഉപ്പുതറയ്ക്ക് സമീപം മാട്ടുത്താവളത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ പരിശോധനയ്ക്കെത്തിയ പൊലീസാണ് കള്ളനോട്ട് ഇടപാട് കണ്ടെത്തിയത്. പീഡനക്കേസില്‍ ചോദ്യം ചെയ്യലിനു ശേഷം തെളിവെടുപ്പിനായിട്ടാണ് പൊലീസ് മാട്ടുത്താവളത്തെ ഇയാളുടെ റിസോര്‍ട്ടിലെത്തിയത്. ഇതിനിടെയാണ് വ്യാജ നോട്ടുകള്‍ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15,900 രൂപയുടെ കള്ളനോട്ടുകള്‍ ഇവിടെ നിന്നും കണ്ടെത്തി. ഇതോടെ തെളിവെടുപ്പ് നടത്തിയ ഉപ്പുതറ പൊലീസ് വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും കട്ടപ്പന ഡി വൈ എസ് പി: എന്‍ സി രാജ്മോഹന്റെ നേതൃത്വത്തില്‍ കള്ളനോട്ട് കേസില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
വാഗമണ്ണിലും തേക്കടിയിലും ഇയാള്‍ റിസോര്‍ട്ട് വാടകക്കെടുത്തതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12ലക്ഷത്തി 42 ആയിരം രൂപയും കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും മഷിയും കണ്ടെത്തി.
സ്വന്തം നാടായ കൊല്ലം തടിക്കാട്ട് കുടുംബ ഉടമസ്ഥതയിലുള്ള എ കെ എം സ്കൂളിന്റെ മാനേജരായിരുന്നു ഇയാള്‍ മുന്‍പ്. പിന്നീട് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാനേജര്‍ സ്ഥാനം നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഏതാനും വര്‍ഷം മുന്‍പാണ് ഉപ്പുതറ മാട്ടുതാവളത്ത് സ്ഥലം വാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്. ആദ്യ ഭാര്യയുമായുള്ള ഡൈവോഴ്സ് കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങി. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്. പത്തനംതിട്ടയില്‍ വ്യാപാര സ്ഥാപനത്തില്‍ കള്ളനോട്ട് മാറാന്‍ ശ്രമം നടന്നെങ്കിലും ഉടമക്ക് സംശയം തോന്നിയതോടെ ശ്രമം ഉപേക്ഷിച്ചു.
ആദ്യ ഭാര്യയിലുണ്ടായ കുട്ടിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ പിടിയിലായതോടെയാണ് ഹനീഫ് ഫിറോസിന്റെ കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ചും ചുരുളഴിയുന്നത്.
ഉപ്പുതറ സി.ഐ സിഎം റിയാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ ചാര്‍ളി തോമസ്, എസ്.ഐ സിബി എന്‍ തങ്കപ്പന്, എഎസ്ഐമാരായ പി എന്‍ ദിനേഷ്, പി എച്ച് ഹനീഷ്, സിവില്‍ പൊലീസുകാരായ ഐ ബി എബ്രഹാം, ശരണ്യ മോള്, പ്രവീണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ