കൊല്ലം പത്തനാപുരത്ത് വായിൽ വ്യണവുമായി പ്രാണവേദനയിൽ തീറ്റ കഴിക്കാനാകാതെ പിടിയാന.
പത്തനാപുരം വനത്തിനുള്ളിൽ പിടിയാന വായിൽ വൃണവുമായി ആഹാരവും വെള്ളവും കഴിക്കാനാകാതെ അവശനിലയിൽ കണ്ടെത്തി. പത്തനാപുരം റേഞ്ചിലെ അമ്പനാർ സെക്ഷനിലെ കോട്ടക്കയം വനത്തിലാണ് ചതുപ്പിനോട് ചേർന്ന് പിടിയാനായെ ഒറ്റപെട്ട് അവശയായി നാട്ടുകാർ കണ്ടെത്തിയത്.
വായിൽ വലിയ വൃണമുണ്ടായി പൊട്ടി ചോരയും പഴുപ്പും വരുന്നുണ്ട്. വേദന കാരണം തീറ്റയും വെള്ളവും കഴിക്കാൻ ആകുന്നില്ല. ദിവസങ്ങളായി തീറ്റയില്ലാത്തതിനാൽ വളരെ അവശനിലയിലാണ് ഉദ്ദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പിടിയാന.
സാധാരണ കാട്ടാനക്കൂട്ടം എത്തുന്ന പ്രദേശമായതിനാൽ ആദ്യ ദിവസങ്ങളിൽ ഇതിനെ കണ്ടെത്തിയവർ കാര്യമായി എടുത്തില്ല. ആന ഇവിടം വിട്ട് പോകാത്തത് ശ്രദ്ധിച്ചപ്പോഴാണ് അവശത ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ഡെപ്യൂട്ടി റേഞ്ചർ സനിൽ, ഫോറസ്റ്റർമാരായ ശശിധരൻ, റെജി എന്നിവരെത്തി ആനയെ നിരീക്ഷിച്ച ശേഷം വെറ്റിനറി ഡോക്ടറെ എത്തിച്ച് ചികിത്സ തുടങ്ങി.
പന്നിപടക്കം കടിച്ചോ മരക്കുറ്റി കൊണ്ടോ വായിൽ വൃണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് വല്ല രോഗമാണോ എന്നും സംശയിക്കുന്നുണ്ട്. ഇന്ന് (ശനി) മയക്ക് വെടിവച്ചോ മറ്റോ മയക്കിയ ശേഷം കൂടുതൽ പരിശോധന നടത്തി വേണ്ടുന്ന ചികിത്സ നല്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ആനയുടെ വായിൽ വ്യണം ഉണ്ടായ സാഹചര്യത്തിൽ മൃഗവേട്ടക്കാരെ കുറിച്ചും അന്വഷണം നടക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ