പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു. കോന്നി വകയാറിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. രാവിലെ 11 മണിയോടെ പ്രതികളെ വകയാറിലെത്തിച്ചു. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണെന്നും മുഴുവൻ തിരികെ കിട്ടണമെന്നുമായിരുന്നു നിക്ഷേപകർ ഉറക്കെ വിളിച്ചുപറഞ്ഞത്. രഹസ്യ ബാങ്ക് ഇടപാടുകൾ, ആസ്തികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് വകയാറിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്.
രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട്. ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുക്കാനും വിശദമായ അന്വേഷണത്തിനും പോലീസ് സംഘം ഇവിടങ്ങളിലേക്ക് പോകും.
ഓസ്ട്രേലിയയിൽനിന്ന് പഴയ കമ്പ്യൂട്ടറുകൾ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയതിലൂടെയാണ് തട്ടിപ്പിന്റെ ആസൂത്രണം തുടങ്ങിയതെന്നാണ് വിലയിരുത്തൽ. കമ്പ്യൂട്ടർ ഇടപാടുകളിലൂടെ ആറ് കോടി രൂപയോളം പ്രതികൾ നേടി. ഇതിനുപിന്നാലെയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടമായ എൽ.എൽ.പി. കമ്പനികൾ രൂപീകരിച്ചത്.
അതേസമയം, കേസിൽ അന്വേഷണപുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ