അഞ്ച് വർഷം മുൻപ് പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് തെങ്ങിന്റെ മുകളിൽ കയറിയിരുന്ന് യുവാവിന്റെ പ്രതിഷേധം : യുവാവ് വേറിട്ട പ്രതിഷേധം നടത്തിയത് വീട് പരിപാലിക്കുന്നതും മക്കളെ നോക്കുന്നതും ബുദ്ധിമുട്ടായതോടെ...!!!
ബെല്ലാരി: പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധവുമായി യുവാവ് രംഗത്ത്. അഞ്ച് വർഷം മുൻപ് തന്നെ വിട്ടപോയ ഭാര്യ വീട്ടിൽ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് തെങ്ങിൻ മുകളിൽ കയറിയിരുന്നാണ് യുവാവ് പ്രതിഷേധം നടത്തിയത്.
കർണാടകയിലെ കുടുലിഗി താലൂക്കിലെ ഗൊല്ലാരഹട്ടിയിലാണ് സംഭവം. പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭർത്താവ് തെങ്ങിൽ കയറി ഇരുന്നത്. സംഭവം കണ്ട നാട്ടുകാർ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഡോഡപ്പ തയ്യാറാകാതെ വരികെയായിരുന്നു.
തങ്ങളുടെ കുടംബപ്രശ്നത്തിന് പരിഹാരം ആകണമെന്നും ഭാര്യ വീട്ടിൽ തിരിച്ചെത്തണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു. വീട് പരിപാലിക്കുന്നതും മൂന്ന് മക്കളെ നോക്കുന്നതും തനിക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഡോഡപ്പയുടെ രണ്ടാമത്തെ ഭാര്യയാണ് പിണങ്ങിപ്പോയത്. ആദ്യഭാര്യ അദ്ദേഹത്തിന്റെ തന്നെ ബന്ധുവായിരുന്നു. കുട്ടികളുണ്ടാവാത്തതിനെ തുടർന്ന് ഇയാൾ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. അഞ്ച് വർഷം മുൻപാണ് രണ്ടാമത്തെ ഭാര്യ പിണങ്ങിപ്പോയത്.
അതേസമയം ഇയാളുടെ മർദ്ദനം സഹിക്കാനാവാതെയാണ് യുവതി വീട്ടിലേക്ക് പോയതെന്ന് നാട്ടുകാർ പറയുന്നു. തെങ്ങിൻമുകളിലെ പ്രതിഷേധം മണിക്കൂറുകൾ കഴിഞ്ഞിട്ടും അവസാനിപ്പിക്കാത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് ഭാര്യയെ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് യുവാവ് തെങ്ങിൽ നിന്നും താഴെ ഇറങ്ങിയത്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. തുടർന്ന് പ്രദേശവാസികളെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ