യുവത്വത്തിന്റെ പ്രതിനിധിയായി ബിരുദ ധാരിയായ പെണ്‍കുട്ടി ഗ്രാമത്തിന്റെ ശബ്ദമായി മാറാന്‍ തയ്യാറെടുക്കുന്നു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ കടമാന്‍കോട് ഇക്കുറി ജനറല്‍ വാര്‍ഡാണ്.
ഇവിടെ ഇടതു മുന്നണിക്കായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 21 വയസ്സുള്ള ആദിവാസി യുവതിയായ ലേപു മോളാണ്.
സാധാരണ ആദിവാസി കുടുംബത്തില്‍ ജനിച്ച് കടമാന്‍കോട് ട്രൈബല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലേപുമോള് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നും ഡിഗ്രി പാസ്സാകുന്നത്.
മകളുടെ പേരു നോക്കി ജാതി തിരിച്ചറിയരുതെന്ന വിപ്ലവ ചിന്താഗതിക്കാരനായ പിതാവാണ് തനിക്ക് തികച്ചും വ്യത്യസ്ഥമാര്‍ന്ന പേരു നല്‍കിയതെന്ന് സന്തോഷത്തോടെ ലേപു മോള് വ്യക്തമാക്കുന്നു. വനത്തിനു നടുവിലായുള്ള കാര്‍ഷിക ഗ്രാമത്തിലെ പൊതുജനങ്ങളുടെയും ആദിവാസികളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും സാമൂഹികാവസ്ഥകള്‍ക്ക് ഇനിയും മാറ്റം ആവശ്യമാണെന്നും പ്രദേശത്തെ യാത്രാ ക്ലേശം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണെന്നും പിതാവിന്റെ വിപ്ലവ വീര്യം ഒട്ടും ചോരാതെ മകള്‍ പറയുന്നു.
പ്രദേശവാസികള്‍ക്കിടയില്‍ കായികവും കലാപരവുമായ നിരവധി കഴിവുകള്‍ ഉണ്ടായിട്ടും അവയൊന്നും പ്രോത്സാഹിപ്പിക്കപ്പെടാതെ പോകുന്ന യുവജനതക്ക് തണലാകാനും പിന്തുണയേകാനും കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ഈ പെണ്‍കുട്ടി പറയുന്നു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച 108 സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി ലേപു മോള്‍ക്ക് അവകാശപ്പെട്ടതാണ്.
തുടര്‍ച്ചയായി യു. ഡി. എഫ്. നോടൊപ്പം നിന്നിട്ടുള്ള കടമാന്‍കോട് ഗ്രാമത്തെ ഇടതു മുന്നണിക്കനുകൂലമാക്കുക എന്ന ശ്രമകരമായ ദൌത്യമേറ്റെടുത്താണ് കലാലയ ജീവിതത്തിനിടെ നേരിട്ടനുഭവിച്ചറിഞ്ഞ വിദ്യാര്‍ഥി രാഷ്ട്രീയാനുഭവങ്ങളുമായി ലേപു മോള് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.
ഇതോടെ സിനിമാതാരവും പ്രമുഖ വ്യക്തികളും ലേപുമോളുടെ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. കൊല്ലം എം. എൽ.എ. മുകേഷ് കഴിഞ്ഞ ദിവസം പ്രചരണത്തിനെത്തിയതോടെ നാട്ടുകാരുടെ ആവേശം ഇരട്ടിച്ചിട്ടുണ്ട്
കടമാന്‍കോട് നടന്ന പരിപാടിയുടെ ഉദ്ഘാടനം കാഷ്യൂ വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിര്‍വ്വഹിച്ചു.
കേരളത്തിലെ ആദിവാസി സമൂഹങ്ങൾക്ക് ഇടതുപക്ഷ സർക്കാർ നൽകുന്ന സംഭാവന അഭിനന്ദനം അർഹിക്കുന്നു എന്നും ആദിവാസി സമൂഹത്തിൽ നിന്നും ഇതുപോലെയുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കാഷ്യൂ വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഇ.കെ. സുധീർ. അഡ്വക്കേറ്റ് സുരേന്ദ്രൻ. മുൻ ബ്ലോക്ക് പഞ്ചായത്തംഗം രവീന്ദ്രൻ പിള്ള, പി.ജെ. രാജു, എന്നിവർ ആശംസകൾ അർപ്പിച്ചു.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ