ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഭരണത്തുടര്‍ച്ച: മുഖ്യമന്ത്രി
*വീണ്ടും നൂറുദിന കര്‍മ്മ പരിപാടി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ആവേശകരമായ വിജയം ഈ ഭരണം തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടെയും വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണിത്. കുപ്രചാരകര്‍ക്കും ദല്ലാള്‍മാര്‍ക്കും പ്രത്യേക ലക്ഷ്യംവച്ച് നീങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കും ജനം ഉചിതമായ മറുപടി നല്‍കി. യു.ഡി.എഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞു.
നാലര വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ജനക്ഷേമ പരിപാടികള്‍ക്കുള്ള പിന്തുണ നല്‍കിയ ജനങ്ങള്‍, അതിന് തുടര്‍ച്ചയുണ്ടാവണമെന്നും ആഗ്രഹിക്കുന്നു. ജനങ്ങളെ ചേര്‍ത്തുപിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയത്. ഒരു ഘട്ടത്തിലും കൈയൊഴിഞ്ഞില്ല. വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ ഏല്‍പ്പിക്കുന്നത്. അര്‍പ്പിച്ച വിശ്വാസം തെറ്റായെന്ന് ജനങ്ങള്‍ക്ക് തോന്നുന്ന ഒരു പ്രവൃത്തിയും സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങളാണ് ബാക്കി. ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ആശ്വാസം നല്‍കാനുള്ള നടപടികള്‍ തുടരും. പദ്ധതികളെല്ലാം പൂര്‍ത്തീകരിക്കാന്‍ തീവ്രശ്രമമുണ്ടാവും. പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടന്‍ വീണ്ടുമൊരു നൂറു ദിവസ പരിപാടി പ്രഖ്യാപിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള പരിപാടിയായിരിക്കുമിത്. ജനങ്ങളെ ചുരുക്കിക്കാണാതെ, ജനവികാരം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ യു.ഡി.എഫും ബിജെപിയും തയ്യാറാവണം.
ഒരുതരം അവിശുദ്ധ കൂട്ടുകെട്ടോ ധാരണയോ നീക്കുപോക്കോ ഇല്ലാതെയാണ് 55ശതമാനത്തോളം ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചത്. നാടിന്റെ നേട്ടങ്ങള്‍ തകര്‍ക്കാനും പ്രതിസന്ധികളില്‍ ഒന്നിച്ചു നില്‍ക്കുന്നതിന് പകരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ജനങ്ങള്‍ യു.ഡി.എഫിന് നല്‍കിയ ശിക്ഷയാണിത്. ജനകീയ അടിത്തറ വിപുലമായി. കൂടുതല്‍ ജനാധിപത്യ ശക്തികളും ജനങ്ങളും എല്‍.ഡി.എഫിനൊപ്പം അണിചേര്‍ന്നു. അതിന്റെ ആകെത്തുകയാണ് ഈ വിജയം.
ജനങ്ങളോടുള്ള
യുദ്ധപ്രഖ്യാപനം
കേന്ദ്രഏജന്‍സികള്‍ സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളെ തകര്‍ത്താന്‍ ഇടപെട്ടപ്പോള്‍ കോണ്‍ഗ്രസ് പിന്തുണച്ചു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് പറഞ്ഞു.
രണ്ടര ലക്ഷം പേര്‍ക്ക് വീടുനല്‍കിയ ലൈഫ് പദ്ധതി പിരിച്ചുവിടാന്‍ ഏതെങ്കിലും പാര്‍ട്ടി തയ്യാറാവുമോ? ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ലേ ഇത്?.-മുഖ്യമന്ത്രി ചോദിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ