ഇത് ദൈവത്തിന്റെ കൈവിരല്‍ 'സിസ്റ്റര്‍ അഭയയുടെ ആത്മാവിന് കോടതി വിധിയിലൂടെ ദൈവം നീതി നേടിക്കൊടുത്തു'
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സിസ്റ്റര്‍ അഭയക്ക് നീതി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ദൈവം ബഹുമാനപ്പെട്ട കോടതിയിലൂടെ പ്രവര്‍ത്തിച്ചിരിക്കുകയാണെന്ന് മറ്റൊരു സാക്ഷിയായ കോളജ് അധ്യാപിക ത്രേസ്യാമ്മ പറഞ്ഞു. സത്യവും നീതിയുമാണ് ദൈവം. അഭയയുടെ ആത്മാവിന് കോടതി വിധിയിലൂടെ ദൈവം നീതി നേടിക്കൊടുത്തിരിക്കുന്നു. വളെ സന്തോഷം. കോടതിയെ ബഹുമാനപൂര്‍വം നമസ്കരിക്കുന്നതായും അവര്‍ പറഞ്ഞു.
കേസിലെ പ്രോസിക്യൂഷന് മൂന്നാം സാക്ഷിയാണ് അടക്ക രാജു. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെണ്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും കണ്ടെന്ന് രാജു വെളിപ്പെടുത്തിയിരുന്നു. അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു.
എസ്.പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റാല്‍ വീടും ഭാര്യക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു പറഞ്ഞിരുന്നു.
മരിക്കുന്ന സമയത്ത് അഭയ കോട്ടയം ബി.സി.എം കോളജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. ഇവിടത്തെ മലയാളം അധ്യാപികയായിരുന്നു സാക്ഷിയായ പ്രഫസര്‍ ത്രേസ്യാമ്മ. അഭയയുടെ മരണം അറിഞ്ഞ് കോണ്‍വന്റില്‍ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ടീച്ചറുമുണ്ട്. ഫാ. ജോസ് പുതൃക്കയിലും ഇതേസമയം കോണ്‍വന്റിലുണ്ടായിരുന്നതായി ടീച്ചര്‍ പറയുന്നു.
അഭയയുടേത് കൊലപാതകമാണെന്ന് ടീച്ചര്‍ ഉറച്ചുവിശ്വസിച്ചു. 133 സാക്ഷികളുണ്ടായിരുന്ന കേസിലെ ഭൂരിഭാഗം പേരും മൊഴിമാറ്റിയപ്പോള്‍ ത്രേസ്യാമ്മ സഹപ്രവര്‍ത്തകര്‍ കൂടിയായ പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഉറച്ചുനിന്നു. ഭീഷണികള്‍ പലവിധമുണ്ടായെങ്കിലും പിന്മാറിയില്ല. ജോലിയില്‍നിന്ന് വിരമിച്ച ത്രേസ്യാമ്മ കോട്ടയം മാഞ്ഞൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ