തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് കുത്തേറ്റ തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ചൽ റേഞ്ച് വനമേഖലയായ ചോഴിയക്കോട് ഓന്തുപച്ച - ചീനിക്കാല വനപാതയില്‍ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാട്ടു തീ സംരക്ഷണത്തിനായി കാടു തെളിക്കുന്ന ജോലിയിലേര്‍പ്പെട്ട സ്ത്രീ തൊഴിലാളികളാണ് കടന്നലിന്റെ ആക്രമണത്തിനിരയായത്. ഓന്തുപച്ച സ്വദേശികളായ 69 വയസുള്ള പുഷ്പവല്ലി, 54 വയസുള്ള ഷീല, 62 വയസുള്ള സരോജം, 53 വയസുള്ള റംലാ ബീവി, 53 വയസുള്ള ശ്രീകല, 60 വയസുള്ള വിമല,54 വയസുള്ള സുലഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം.
ജോലിക്കിടെ സമീപ പ്രദേശത്തെവിടെയോ നിന്നും പറന്നെത്തിയ കടന്നല് ഈച്ചകള്‍ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് ഓടിയവരുടെ പിന്നാലെയെത്തിയ ഈച്ചകള്‍ ഏറെ ദൂരം ഇവരെ പിന്തുടര്ന്നതായും നിലത്തു വീണവരാണ് കൂടുതല്‍ ആക്രമണത്തിനിരയായതെന്നും ചെവിയില്‍ കടന്ന കടന്നലിനെ പറിച്ചെറിയുന്നതിനിടെ ഒരു വീട്ടമ്മയുടെ കമ്മല്‍ നഷ്ടപ്പെട്ടതായും തൊഴിലാളികള്‍ പറഞ്ഞു.
ഉടന്‍ തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കി. തലക്കും മുഖത്തും സാരമായി പരിക്കേറ്റ റംലാ ബീവിയെ സംഭവമറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീന് എന്നിവര്‍ പരിക്കേറ്റവരുമായും ആശുപത്രി അധികൃതരുമായും സംസാരിക്കുകയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ