പുനലൂര്‍ കല്ലടയാറിന്റെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ വെട്ടിപ്പുഴ തോട് മാലിന്യ നിക്ഷേപ കേന്ദ്രമായിട്ടും അധികൃതര്‍ നടപടികളെടുക്കുന്നില്ലെന്ന് ആക്ഷേപം.സീറോ വേസ്റ്റ് നഗരസഭ എന്ന പേര് പറച്ചിലുകളില്‍ മാത്രം.
മാലിന്യം നിറഞ്ഞു മാറാരോഗം പരത്തുന്ന കേന്ദ്രമായി മാറിയിട്ടും ആരോഗ്യവകുപ്പിന്റെ പരിശോധന പോലും നടക്കുന്നില്ല. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം ലക്ഷങ്ങള്‍ മുടക്കി മാലിന്യ മുക്തമാക്കിയ തോടാണ് ഇപ്പോള്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയത്.
ജലസേചന പദ്ധതികളായ പുനലൂര്‍,കുര്യോട്ടുമല, കുണ്ടറയടക്കം പത്തോളം കുടിവെള്ള പദ്ധതികള്‍ക്ക് ജലമെടുക്കുന്ന കല്ലടയാര്‍ ദിനംപ്രതി കൂടുതല്‍ മലിനമാവുകയാണ്.
അറവ് മാലിന്യങ്ങള്‍,ഹോട്ടല്‍ മാലിന്യങ്ങള്‍,ആശുപത്രി മാലിന്യം,സര്‍ജിക്കല്‍ മാലിന്യങ്ങള്‍,കക്കൂസ് മാലിന്യം, പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം കല്ലടയാറിലെ വെട്ടിപ്പുഴ തോട്ടില്‍ നിക്ഷേപിക്കുന്നതു പതിവായി.
നഗരത്തിലെ ചില ഓഡിറ്റോറിയങ്ങളുടെയും ഹോട്ടലുകളുടെയും ആശുപത്രികളുടെയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെയും മലിനജലം ഒഴുകുന്ന പൈപ്പ് ലൈനുകളും ഓടകളും ചെന്നെത്തുന്നത് ഈ തോട്ടിലും കല്ലടയാറ്റിലുമാണ്.
പുനലൂര്‍ ആശുപത്രി ജങ്ഷന് സമീപത്തു നിന്ന് എം.എല്‍.എ. റോഡിലേക്ക് പ്രവേശിക്കുന്ന റിങ് റോഡിന് ഇരുവശത്തു നിന്നു മാംസാവശിഷ്ടങ്ങളും ആശുപത്രികളിലെ പാഴ്വസ്തുക്കളും നിക്ഷേപിക്കുന്നത് ഇതുവഴിയുള്ള ഓടയിലാണ്.
ചില സ്ഥാപനത്തിലെ ശുചിമുറികളിലെ മാലിന്യം ഒഴുക്കിവിടുന്നതും ഈ ഓടയിലേക്കാണ്. നഗരത്തിലെ പ്രധാന ഓടകളെല്ലാം ചെന്നെത്തുന്ന വെട്ടിപ്പുഴ തോട് നഗരത്തിലെ ആര്.പി.എല്‍ ഓഫീസിന് മുമ്പില്‍ കല്ലടയാറ്റില്‍ ചെന്നെത്തുകയാണ്.
ഈ മലിനജലം നഗരത്തിലെ പ്രധാന ജലസ്രോതസായ കല്ലടയാറ്റില്‍ നിന്ന് പമ്പ് ചെയ്തു നഗരവാസികള്‍ക്കും പുനലൂര്‍,കുണ്ടറ കുടിവെള്ള പദ്ധതി വഴി ജില്ലയുടെ പല ഭാഗങ്ങളിലുമെത്തുമ്പോള് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
ടി.ബി. ജങ്ഷനിലെ സ്നാനഘട്ടത്തില്‍ കുളിക്കുകയും മറ്റും ചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റും ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായിക്കഴിഞ്ഞു.
വേനല്‍ക്കാലത്ത് സാംക്രമിക രോഗങ്ങള്‍ ഏറെയും സൃഷ്ടിക്കുന്ന വെട്ടിപ്പുഴ തോടിന്റെ ശുചീകരണത്തിനായി നഗരസഭയാണ് പുനര്‍ജനി പദ്ധതി ആവിഷ്കരിച്ച് ലക്ഷങ്ങള്‍ മുടക്കി ശുദ്ധീകരിച്ചത്.
കൂടാതെ ശിവങ്കോവില് റോഡ് ക്രോസ് ചെയ്യുന്ന ഓടയില്‍ നിന്നും പുനലൂര്‍ നഗരത്തിലെ മലിനജലം കല്ലടയാറ്റില്‍ ചെന്നെത്തുന്നു.
വീണ്ടും തോട് മാലിന്യ നിക്ഷേപകേന്ദ്രമായി മാറുമ്പോഴും നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ