റവന്യൂവകുപ്പിന്റെ ഉത്തരവ് മറികടന്നു റോസുമലയിലെ കൈവശക്കാര്‍ക്ക് ഭൂമി സാധൂകരിച്ച് കരം അടച്ചു നല്‍കിയെന്ന പരാതി അന്വേഷിക്കാനെത്തിയ വിജിലന്‍സ് സംഘം കുളത്തൂപ്പുഴ വില്ലേജ് ആഫീസിലെ റിക്കാര്‍ഡുകള്‍ പരിശോധന നടത്തി.
കൊല്ലം വിജിലന്‍സ് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മുതലാണ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയിരുന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത് മിച്ചഭൂമിയില്‍ ഉല്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തെങ്കിലും റവന്യൂ റിക്കാര്ഡുകള്പ്രകാരം ഇവര്‍ക്ക് കരംഒടുക്കുന്നതിനുളള അവസരം ലഭ്യമായിരുന്നില്ല.
2018 ലാണ് കൈവശക്കാരുടെ ഭൂമി സാധൂകരിച്ച് നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. 1980 ലാണ് കുളത്തൂപ്പുഴ വില്ലേജിലെ 970\1, 971\1, 1971\2 തുടങ്ങിയ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയുടെ കരം അവസാനമായ് സ്വീകരിച്ചത്.
ഒരു സെൻറ് മുതൽ ഒരേക്കർ വരെയുളള 165 കുടുംബങ്ങളുടെ കൈവശത്തിൽ ഇരിക്കുന്ന 450 ഏക്കറോളം വരുന്ന ഭൂമിക്കാണ് കരം ഒടുക്കാൻ അവസരം നല്‍കിയിരുന്നത്. ഇതില്‍ അപാകതയുണ്ടെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനാണ് വിജിലന്‍സ് സംഘം എത്തിയത്. ഒരേക്കര്‍ ഭൂമി സാധൂകരിക്കുന്നതിനു പകരം പലര്‍ക്കും അളവില്‍ കൂടുതല്‍ ഭൂമി സാധൂകരിച്ച് നല്കി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ വില്ലേജ് റിക്കാര്‍ഡുകള്‍ പരിശോധിച്ചതില്‍ ഇത്തരം തട്ടിപ്പുകളൊന്നും കണ്ടെത്താന്‍ വിജിലന്‍സ് സംഘത്തിനു കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് പട്ടയവിതരണം നടന്നിട്ടുളളതെന്നാണ് വില്ലേജ് രേഖകളില്‍ കാണുന്നതെന്നും സംഘം വിലയിരുത്തി.
അതേസമയം പരാതിക്കാരെനെ വിളിച്ച് വരുത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി. അശോക് കുമാര്‍ അറിയിച്ചു. ഹരിഹരന്,സുനില്‍കുമാര്‍ പുനലൂര്‍ എല്‍.ആര് തഹസീല്‍ദാര്‍ ബിജുരാജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ