മന്ത്രി മേഴ്സിക്കുട്ടിയമ്മയെ വഴിയില്‍ തടയാൻ കരിങ്കൊടിയുമായി കാത്തു നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിരാശരാക്കിക്കൊണ്ട് റൂട്ട് മാറ്റി സഞ്ചരിച്ച് മുൻനിശ്ചയ പ്രകാരമുള്ള രണ്ട് പരിപാടികളിലും പങ്കെടുത്ത ശേഷം മന്ത്രി തിരിച്ചു പോയി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ പനച്ചവിളയിൽ നടന്ന ഏരിയാ വികസന സാമൂഹ്യക്ഷേമ സഹകരണ സംഘം കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം കുരുവിക്കോണത്ത് അഞ്ചൽ സർവീസ് സഹകരണ സംഘത്തിൻ്റെ ശാഖാ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുവാൻ അഞ്ചൽ ടൗൺ വഴിയെത്തുമ്പോൾ മന്ത്രിയെ വഴി തടയുന്നതിനുള്ള തയ്യാറെടുപ്പുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചൽ ചന്തമുക്ക് മുതൽ ആർ.ഒ ജംഗ്ഷൻ വരെ കാത്തു നിന്നിരുന്നു.
എന്നാൽ പൊലീസ് പനച്ചവിളയിൽ നിന്നും എത്തിയ മന്ത്രിയെ അഞ്ചൽ ചന്തമുക്കിൽ നിന്നും ഏറം റോഡിലൂടെ പനയഞ്ചേരി, വടമൺ വഴി കുരുവിക്കോണത്തെത്തിക്കുകയായിരുന്നു.
അവിടത്തെ പരിപാടിക്ക് ശേഷം മന്ത്രി തിരികെ ഏറം, തടിക്കാട്, പനച്ചവിള, ആയൂർ വഴി തിരുവനന്തപുരത്തേക്ക് പോയി. ഇരു യോഗസ്ഥലങ്ങളിലും പൊലീസിൻ്റെ വൻ നിര തന്നെയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ