ഇന്ത്യയില്‍ കോവിഡ് പട്ടിണിപ്പാവങ്ങളുടെ എണ്ണം കുത്തനെ കൂട്ടിയതായി അന്താരാഷ്ട്രപഠനം, ദരിദ്രരുടെ എണ്ണം 13.4 കോടി.
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച ഒരുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി പഠനം.
ആറു കോടിയില്‍നിന്ന് 13.4 കോടിയായി ഉയര്‍ന്നതായിട്ടാണ് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ കൂടിയതെന്ന് പഠനം നടത്തിയ പ്യൂറിസര്‍ച്ച് സെന്ററിന്റെ പഠനം വെളിപ്പെടുത്തുന്നു.
രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാവ്യാധിയില്‍ കഴിഞ്ഞുപോയ ഒരുവര്‍ഷംകൊണ്ട് ഇരട്ടിയായത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇന്ത്യ പട്ടിണിയുടെ കാര്യത്തില്‍ 45 വര്‍ഷം മുമ്ബുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു.
രാജ്യത്ത് ഏറ്റവും കുറവ് സാമ്ബത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്.
തൊഴിലില്ലായ്മ, വികസന പ്രവര്‍ത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്ബദ്വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020-ന്റെ ആദ്യത്തില്‍ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു.
അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു.
1970-മുതല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കില്‍ ഏറ്റവുമധികം വര്‍ധന കാണിച്ച കാലഘട്ടമാണ് 1951 മുതല്‍ 1974 വരെയുള്ള വര്‍ഷങ്ങള്‍. ജനസംഖ്യയില്‍ ദരിദ്രരുടെ എണ്ണം 47 ശതമാനത്തില്‍നിന്ന് 56 ശതമാനമായി ഉയര്‍ന്നത് ഇക്കാലത്താണ്.
ഈ സ്ഥിതിയില്‍നിന്ന് 2006-16 എത്തുമ്ബോള്‍ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മള്‍ട്ടിഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് സൂചിപ്പിക്കുന്നു.
അതേസമയം, 2019-ല്‍ 34.6 കോടി (ആകെ ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രര്‍ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ