മരണമുഖത്തുനിന്നാണ് ആ ബൈക്ക് ജീവന്റെ അത്ഭുതങ്ങളിലേക്ക് കുതിച്ചത്. ശ്വാസമെടുക്കാനാകാതെ മരണാസന്നനായ സുബിനെന്ന കോവിഡ് ബാധിതനെ ചുമലിലേറ്റി കുതിച്ച യൗവ്വനങ്ങളെ നാം മഹാമാരിക്കാലത്തെ മനുഷ്യന്റെ മാനിഫെസ്റ്റോ എന്ന് വിളിക്കണം. ചുറ്റിലുമുള്ളവര്‍ മടിച്ചു നിന്നപ്പോള്‍ ആംബുലന്‍സിന് പോലും കാത്തുനില്‍ക്കാതെ പുറപ്പെട്ട ധൈര്യത്തെയും മാനവികതയെയും വാഴ്ത്തിപ്പാടാന്‍ ഏത് മഹാകാവ്യം കുറിക്കും നാം.
ഡിവൈഎഫ്‌ഐ പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റി അംഗം പറവൂര്‍ പുത്തന്‍പറമ്പല്‍ അശ്വിന്‍ കുഞ്ഞുമോനും പ്രവര്‍ത്തക കുതിരപ്പന്തി കന്നിട്ട വെളിയില്‍ രേഖ പി മോളും ശുഭ്രപതാകയിലെ തിളക്കമാര്‍ന്ന നക്ഷത്രങ്ങളായി സ്വയം മാറുകയാണ്.
പുന്നപ്ര വടക്ക് പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ് സുബിന്‍ ശ്വാസം കിട്ടാതെ പിടയുന്നതായി അടുത്ത കിടക്കയിലുള്ളയാള്‍ അറിയിച്ചത്. അശ്വിനും രേഖയും ഉടന്‍ അവിടേക്ക് എത്തി. സുബിന്റെ നില മോശമായിരുന്നു. മൂന്നാംനിലയില്‍നിന്ന് താഴെയെത്തിക്കാന്‍ രോഗികളുടെ സഹായം അഭ്യര്‍ഥിച്ചെങ്കിലും എല്ലാവരും അറച്ചുനിന്നു. ഒടുവില്‍ സന്തോഷ് എന്ന രോഗിയുടെ സഹായത്തോടെ സുബിനെ വളണ്ടിയര്‍മാരായ അശ്വിനും രേഖയും താങ്ങിയെടുത്ത് താഴെയെത്തിക്കുകയായിരുന്നു.
പള്‍സ് നന്നേ കുറവ്. കണ്ണുകള്‍ പുറത്തേക്ക് തള്ളി ശ്വാസമെടുക്കാന്‍ പാടുപെടുകയായിരുന്നു സുബിന്‍. 108 ഉള്‍പ്പെടെ മൂന്ന് ആംബുലന്‍സുകള്‍ വിളിച്ചു. ഓടിയെത്താന്‍ 10 മിനിട്ടെങ്കിലും വേണ്ടിവരുമെന്ന മറുപടി കേട്ടതോടെ സെന്ററിലുണ്ടായിരുന്ന ബൈക്കിലിരുത്തി ഉടന്‍ തൊട്ടടുത്ത സാഗര ആശുപത്രിയിലേക്ക്. അവിടെ പ്രാഥമിക ചികിത്സ നല്‍കി ഓക്സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക്.
30ന് പ്രവര്‍ത്തനമാരംഭിച്ച സെന്ററില്‍ അന്നുതൊട്ട് സന്നദ്ധപ്രവര്‍ത്തകരായി അശ്വിനും കുതിരപ്പന്തി കന്നിട്ടവെളിയില്‍ രേഖ പി മോളുമുണ്ട്. പ്രാണവായുകിട്ടാതെ പിടഞ്ഞ സുബിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ചില ചാനലുകളില്‍ തെറ്റായ വാര്‍ത്തയും കാട്ടുതീപോലെ പ്രചരിച്ചു. കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ഓക്സിജനും ലഭ്യമല്ലെന്നും ശ്വാസതടസ്സം അനുഭവപ്പെട്ട രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോയെന്നുമായിരുന്നു വാര്‍ത്ത. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും വളണ്ടിയര്‍ സേവനവും ഒരുക്കുന്ന കേന്ദ്രങ്ങളാണ് ഡൊമിസിയിലറി കേന്ദ്രങ്ങള്‍. ഇവിടെ ഡോക്ടറുടെ സേവനവും ചികിത്സയും മറ്റ് സൗകര്യങ്ങളും ലഭ്യമല്ലെന്നിരിക്കെ കേട്ടപാതി കേള്‍ക്കാത്തപാതി നുണ പ്രചരിപ്പിക്കുകയായിരുന്നു മാധ്യമങ്ങള്‍. പ്രളയകാലത്ത് ഓമനക്കുട്ടനെതിരായ വേട്ടയാടലിനെ ഓര്‍മിപ്പിക്കുന്നതാണ് ഈ നുണക്കഥയും. ആംബുലന്‍സ് എത്തുംവരെ കാത്തിരുന്നെങ്കില്‍ സുബിന്റെ ജീവന്‍ അപകടത്തിലായേനെയെന്ന് അശ്വിനും രേഖയും പറഞ്ഞു.
നിയുക്ത എംഎല്‍എ എച്ച്‌സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹികളായ പ്രശാന്ത് എസ് കുട്ടി, എ അരുണ്‍ലാല്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് അഭിനന്ദനവുമായെത്തി.
ന്യൂസ് ബ്യുറോ അമ്പലപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ