സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; മൂന്ന് ലക്ഷം ഡോസ് ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്സിന് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വാക്സിനേഷന് പുനരാരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കേരളത്തിലെ വാക്സിന് ക്ഷാമം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര പ്രമേയമായി ഉന്നയിക്കുമെന്ന് ബെന്നി ബെഹനാന് എം.പി അറിയിച്ചു.
സംസ്ഥാനത്തെ വാക്സിന് സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു. വാക്സിന് ക്ഷാമം കാരണം പല വാക്സിനേഷന് കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിന് പൂര്‍ണമായും തീര്‍ന്നിട്ടുണ്ട്. വാക്സിന് സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്കി തീര്‍ക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്സിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷന് യജ്ഞം വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന് വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്സിന് നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്സിനേഷന് യജ്ഞം നടപ്പാക്കുക.
ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള ഒമ്ബത് ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്സിന് നല്കി തീര്‍ക്കാനും നിര്‍ദേശം നല്കി.
തിങ്കളാഴ്ച 2,49,943 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ആകെ 2,20,88,293 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2021ലെ ഏകദേശ ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ