സംഗീത സംവിധായകന് ജയ്സണ്‍ ജെ. നായര്‍ക്ക് നേരെ ആക്രമണം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മൂന്നംഗ സംഘം വാള് കൊണ്ടു വെട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ജയ്സന്റെ കഴുത്തിന് അടിയേറ്റു. ചൊവ്വാഴ്ച രാത്രി 7.45ന് ഇടയാഴം കല്ലറ റോഡിലെ വല്യാറ വളവിൽ വെച്ച് ആയിരുന്നു സംഭവം.
വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വീട്ടില്‍ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുമ്പോണ് ആക്രമണം ഉണ്ടായത്. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി സംസാരിച്ചു. ഇരുവശവും പാടങ്ങളുള്ള ആളൊഴിഞ്ഞ ഭാഗമായിരുന്നു. ഈ സമയം മൂന്നു പേര് കാറിന്റെ ഗ്ലാസില്‍ തട്ടി. അപകടം നടക്കുന്ന വളവാണെന്നും കാര്‍ മാറ്റിയിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാര്‍ മുന്‍പോട്ടു മാറ്റിയിട്ടപ്പോള്‍ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ കഴുത്തിന് അടിച്ചെന്നും ജയ്സണ്‍ പറയുന്നു.
18 വയസ്സില്‍ താഴെയുള്ള മൂന്നു പേരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ അരയില്‍ നിന്ന് വാള് ഊരി വെട്ടാന്‍ ആഞ്ഞു. ഉപദ്രവിക്കരുതെന്ന് ജയ്സണ്‍ അപേക്ഷിച്ചു. തുടര്‍ന്ന് കാര്‍ വേഗത്തില്‍ ഓടിച്ചാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കടുത്തുരുത്തി പൊലിസ് കേസെടുത്തു. തുടര്‍ന്ന് സംഗീത സംവിധായകന്റെ മൊഴി രേഖപ്പെടുത്തി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നംഗ അക്രമിസംഘത്തിലെ ഉയരം കുറഞ്ഞ 20 ല്‍ താഴെ പ്രായമുള്ള യുവാവാണ് വാളുപയോഗിച്ച് ജയ്സനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലിസ് പറഞ്ഞു. ഈ മേഖലയില്‍ ആളുകളെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ വ്യാപകമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കടുത്തുരുത്തി പോലീസും വൈക്കം DYSP യും സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു.വാർഡ് മെമ്പർ എൻ സഞ്ജയൻ സന്നിഹിതനായിരുന്നു.
ആനച്ചന്തം, കഥ പറഞ്ഞ കഥ, എബി, മിഷന് 90 ഡേയ്സ്, ഇത്രമാത്രം തുടങ്ങി വിവിധ സിനിമകള്‍ക്കു സംഗീതം നല്കിയ അദ്ദേഹം വിവിധ ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി.
ന്യൂസ് ഡസ്ക് കോട്ടയം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ