മാർച്ച് 31 ന് മുൻപ് കൊല്ലം–പുനലൂർ റെയിൽവേ ലൈൻ വൈദ്യുതീകരണം പൂർത്തിയാക്കുമെന്ന് അലഹാബാദ് ആസ്ഥാനമായ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻസിലെ (കോർ) ജനറൽ മാനേജർ വൈ.പി.സിങ് പറഞ്ഞു. അതിന് മുൻപ് തന്നെ ട്രയൽ റൺ നടത്തും. ആവണീശ്വരം, കുണ്ടറ സ്വിച്ചിങ് സ്റ്റേഷനുകൾ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധന മാർച്ച് 31നാണ്.
ചെന്നൈ ദക്ഷിണ റെയിൽവേ ഇലക്ട്രിഫിക്കേഷൻ ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ഡിഗ്ഗെ, മധുര ഡിവിഷൻ സീനിയർ ഇലക്ട്രിക്കൽ ട്രാക്‌ഷൻ വിഭാഗം എൻജിനീയർ വെച്ചു രമേശ്, മധുര ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ എൻജിനീയർ എം.എസ്.റോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ ജൂണിൽ വൈദ്യുതീകരണ ജോലികൾ തുടങ്ങിയെങ്കിലും ഇത് ആദ്യമായാണ് അലഹാബാദ് കോറിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ പാത പരിശോധിക്കുന്നത്. കൊല്ലം– പുനലൂർ പാതയിൽ 1250 സ്റ്റീൽ പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കിളികൊല്ലൂർ, കുണ്ടറ,കൊട്ടാരക്കര, ആവണീശ്വരം, എന്നിവിടങ്ങളിലായാണ് നാല് സ്വിച്ചിങ്ങ് സ്റ്റേഷനുകൾ. 110 കെവി ട്രാക്‌ഷൻ സബ്സ്റ്റേഷനും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. വയറിങ് ജോലികൾ കൊട്ടാരക്കര-പുനലൂർ റൂട്ടിൽൽ അന്തിമഘട്ടത്തിൽ ആയപ്പോൾ കൊട്ടാരക്കര-കൊല്ലം റൂട്ടിൽ കുണ്ടറ ഈസ്റ്റ് വരെ പൂർത്തിയായിട്ടുണ്ട്. കൊല്ലം–കരിക്കോട് ഭാഗത്ത് മൂന്ന് ദിവസത്തിനുള്ളിൽ വയറിങ് ജോലികൾ തുടങ്ങും. മാർച്ച് 15 വരെ കൊല്ലം–ചെങ്കോട്ട പാതയിലെ 2 പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ റദ്ദ് ചെയ്തിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ