ജിദ്ദ- ഇന്ത്യ, സിറിയ, നൈജീരിയ, ജപ്പാൻ, ഇന്തോനേഷ്യ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കലാരൂപങ്ങളുടെ വൈവിധ്യമാർന്ന ആവിഷ്കാരം കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങൾ ചെങ്കടൽത്തീരം പുളകമണിഞ്ഞു.
അതാത് രാജ്യങ്ങളുടെ കോൺസുലേറ്റുകളുടെ നേതൃത്വത്തിൽ കൊടിയേറിയ ഉൽസവരാവുകൾക്ക് വേദിയൊരുങ്ങിയത് കടലിനഭിമുഖമായുള്ള ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിന്റെ കമനീയമായ ശുഐബാ അങ്കണമായിരുന്നു.
ഭാരതീയ കലാരൂപങ്ങളുമായി സാദൃശ്യമുള്ള 'ഇന്തോനേഷ്യൻ സെമ്പിരി' എന്ന പുരാണകഥാപ്രാധാന്യമുള്ള നൃത്തച്ചുവടുകളുമായി ബാലി, സുമാത്ര ദ്വീപുകളിൽ നിന്നുള്ള നർത്തകർ സദസ്യരെ ഇളക്കി മറിച്ചു. നൈജീരിയൻ നൃത്തത്തിന് ആഫ്രിക്കയുടെ പ്രാചീനതാളമായിരുന്നു. ശിരസ്സിൽ പൂ ചൂടിയ യെമനി നർത്തകരും അർദ്ദ എന്ന നൃത്തരൂപവുമായി സൗദി ബാലികാബാലന്മാരും അണി നിരന്നു.
പിയാനോ വാദനവും സൗദി തനത് നൃത്തരൂപങ്ങളും രണ്ടു രാത്രികളേയും കൊഴുപ്പിച്ചു.
സലീനാ മുസാഫിർ സംവിധാനം നിർവഹിച്ച് സഫാ അബ്ദുൽലത്തീഫ്, മർവാ അബ്ദുൽ ലത്തീഫ്, റെനിം ഫാത്തിമ, സംറാ ഫാത്തിമ, റിഹാബ് സർജാസ്, ഡാനിയാ സൈനബ്, നിവേദിതാ പ്രകാശ്, റസാന എന്നിവർ അവതരിപ്പിച്ച രണ്ടു രാജസ്ഥാനി ഫോക് നൃത്തങ്ങളായിരുന്നു പരിപാടിയിൽ
ഇന്ത്യൻ പ്രാതിനിധ്യമായി അരങ്ങേറിയത്.
കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹെഡ് ഓഫ് ചാൻസറി ഹംനാ മറിയം എന്നിവരുൾപ്പെടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾ അതിഥികളായിരുന്നു. അൽഉലാ ചാരിറ്റി ഗ്രൂപ്പും ആഘോഷരാവുകൾക്ക് ആതിഥേയത്വം വഹിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, ഉടുപ്പുകൾ, കളിക്കോപ്പുകൾ, ഭക്ഷ്യപാനീയങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ച എക്സിബിഷനിലും നല്ല തിരക്കനുഭവപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ