ആശുപത്രി വൃത്തിഹീനം; ഗണേഷ്കുമാർ എം.എല്‍.എയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
ആരോഗ്യകേന്ദ്രത്തിലെ വൃത്തിഹീന സാഹചര്യം കണ്ട് പ്രകോപിതനായ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ വൃത്തിയാക്കലിന് നേതൃത്വം നൽകി.
കൊല്ലം തലവൂര്‍ നടുത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം താലൂക്ക് ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം.
മൂന്ന് കോടി രൂപ ചെലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. തറയോട് പാകിയ ഭാഗം മുഴുവന്‍ അഴുക്കും മാലിന്യവും നിറഞ്ഞിരുന്നു.
ഫാര്‍മസിയിലെ മരുന്ന് സൂക്ഷിക്കുന്ന അലമാരകള്‍ പൊടിയും വലയും നിറഞ്ഞ നിലയിലായിരുന്നു. കുപ്പികളിലെ മരുന്നുകള്‍ പുറത്തേക്ക് ഒലിച്ച് നശിച്ച നിലയിലായിരുന്നു.
ആറ് മാസം മുമ്പ് തുറന്നു കൊടുത്ത ശൗചാലയങ്ങള്‍ വരെ തകര്‍ന്നു. എം.എൽ.എ ആശുപത്രി ജീവനക്കാരുടെ മുന്നില്‍ വെച്ച് തറ തൂക്കുകയും തുടക്കുകയും ചെയ്തു.
ആശുപത്രിയിലെ ക്ലീനിങ് ജീവനക്കാരെക്കുറിച്ച വിവരം ഗണേഷ് കുമാര്‍ പരിശോധിച്ചു. കൃത്യമായി ജോലി ചെയ്യാത്തവരെ പിരിച്ചു വിടണമെന്നും ആവശ്യമെങ്കില്‍ പുതിയ ആളുകളെ നിയമിക്കണമെന്നും മെഡിക്കല്‍ ഓഫിസർക്ക് നിര്‍ദേശം നൽകി.
അതേസമയം ഉദ്യോഗസ്ഥരുടെ പ്രവർത്തന സ്വഭാവവും വകുപ്പിലെ മനുഷ്യവിഭവശേഷിയും മനസ്സിലാക്കി പ്രതികരിക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യേണ്ട ജനപ്രതിനിധി, പരിമിത സാഹചര്യങ്ങളിലും മികച്ച സേവനം നൽകുന്ന ഡോക്ടർമാരെയും ആശുപത്രിയെയും സമൂഹമാധ്യമങ്ങളിൽക്കൂടി ഇകഴ്ത്താൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്. ദുർഗാപ്രസാദ് എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ് ബ്യുറോ പത്തനാപുരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ