മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്‌ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്.
യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം യുക്രെയ്‌നും തങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടെന്നും, അങ്ങനെ ചെയ്യുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും റഷ്യ നല്‍കിയിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് റഷ്യ നല്‍കിയിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റില്‍ നിന്നും ഇന്ത്യയുടേത് ഒഴികെ അതില്‍ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകള്‍ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ.
റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ബൈക്കോനൂര്‍ ലോഞ്ച് പാഡിലുള്ള റോക്കറ്റില്‍ നിന്നും അമേരിക്ക, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് ഇവിടുത്തെ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്. അതേസമയം ഇന്ത്യയുടെ പതാക യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചിട്ടുമുണ്ട്. ' ചില രാജ്യങ്ങളുടെ പതാകകള്‍ ഒഴിവാക്കി ബൈക്കോനൂരിലെ ലോഞ്ചറുകള്‍ ഒന്നു മനോഹരമാക്കാന്‍ തീരുമാനിച്ചുവെന്നാണ്' റോഗോസിന്‍ ഈ വീഡീയോയ്‌ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സോയൂസ് റോക്കറ്റില്‍ മറ്റ് രാജ്യങ്ങളുടെ പതാകകള്‍ക്ക് മുകളില്‍ വൈറ്റ് വിനൈല്‍ ഉപയോഗിച്ചാണ് മറയ്‌ക്കുന്നത്. പതാക കാണാനാകാത്ത വിധം പൂര്‍ണ്ണമായും മറയ്‌ക്കുന്നതും വീഡിയോയില്‍ കാണാം.
വിവിധ രാജ്യങ്ങളുടെ 36 സാറ്റലൈറ്റുകളാണ് സോയൂസ് റോക്കറ്റിലുള്ളത്. വണ്‍വെബ് പ്രോജക്ടിന് കീഴില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനാണ് ഇവ ഉപകരിക്കുന്നത്. പ്രോജക്ടിന്റെ ഭാഗമായി 648 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 428 എണ്ണവും വിക്ഷേപിച്ച് കഴിഞ്ഞു.
സോയൂസ് വെഹിക്കിള്‍ ഉപയോഗിച്ചായിരുന്നു എല്ലാ ഉപഗ്രഹങ്ങളുടേയും വിക്ഷേപണം. ഭാരതി എയര്‍ടെല്‍ ഗ്രൂപ്പും യുകെ സര്‍ക്കാരുമാണ് പദ്ധതി സംയുക്തമായി നടപ്പിലാക്കുന്നത്. വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഘട്ടത്തിലും വിക്ഷേപണവുമായി മുന്നോട്ട് പോകുമെന്ന് റഷ്യ അറിയിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് നേരത്തെ റോക്കറ്റിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം റോക്കറ്റ് ലോഞ്ച് പാഡില്‍ സ്ഥാപിക്കുമെന്നും റോസ്‌കോസ്‌മോസ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം സൈനിക ആവശ്യങ്ങള്‍ക്കായി റോക്കറ്റ് ഉപയോഗിക്കില്ലെന്ന് വണ്‍വെബ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ