കീവ്: യുദ്ധക്കെടുതിക്കിടെ രാജ്യം വിടാന്‍ അവസരം ലഭിച്ചിട്ടും അതിന് തയ്യാറാകാതെ ഉക്രൈനില്‍ മെഡിസിന്‍ പഠിക്കുന്ന ഹരിയാന സ്വദേശിനിയായ നേഹ എന്ന പെണ്‍കുട്ടി.
നേഹ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ റഷ്യയുമായുള്ള യുദ്ധത്തില്‍ തന്റെ രാജ്യത്തെ സേവിക്കാന്‍ സ്വമേധയാ ഉക്രേനിയന്‍ ആര്‍മിയില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുടമയുടെ മൂന്ന് ചെറിയ കുട്ടികളെ പരിപാലിക്കുന്നതിനായി ഭാര്യയെ സഹായിക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥിനി ഉക്രൈനില്‍ തുടരുന്നത്.
ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്തതിനാല്‍ നേഹ ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഒരു കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറുടെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. 'ഞാന്‍ ജീവിച്ചാലും ഇല്ലെങ്കിലും, ഈ കുട്ടികളെയും അവരുടെ അമ്മയെയും അത്തരമൊരു സാഹചര്യത്തില്‍ തനിച്ച് വിടുകയില്ല'. ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയില്‍ താമസിക്കുന്ന അധ്യാപികയായ അമ്മയോട് നേഹ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇന്ത്യന്‍ ആര്‍മിയിലായിരുന്ന അച്ഛനെ നേഹയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി ഉക്രൈനിലെ ഒരു മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശിച്ചത്.
വീട്ടുടമയുടെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ഒരു ബങ്കറിലാണ് നേഹ ഇപ്പോള്‍ താമസിക്കുന്നത്. പുറത്ത് സ്‌ഫോടനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ഇതുവരെ, തങ്ങള്‍ സുഖമായിരിക്കുകയാണെന്നും അവള്‍ ഒരു ബന്ധുവിനെ അറിയിച്ചിരുന്നു.
'യുദ്ധം ആസന്നമാണെന്ന് തോന്നിയതിനാല്‍ രാജ്യം വിടാന്‍ നേഹയ്ക്ക് ഉപദേശം ലഭിച്ചിരുന്നു. മകളെ ഒഴിപ്പിക്കാന്‍ നേഹയുടെ അമ്മ തീവ്രശ്രമം നടത്തി. നേഹയ്ക്ക് റൊമാനിയയിലേക്ക് കടക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ണായക ഘട്ടത്തില്‍ വീട്ടുടമയുടെ കുടുംബത്തെ ഉപേക്ഷിക്കാന്‍ അവള്‍ വിസമ്മതിക്കുകയായിരുന്നു', നേഹയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ