
കേസുകൾ വളരെ നന്നായി പഠിച്ചായിരുന്നു ഡോ.രമ കോടതികളിൽ എത്തിയിരുന്നത്. സാക്ഷിക്കൂട്ടിലെ അവരുടെ പ്രകടനം കണ്ട് പ്രമുഖരായ ക്രിമിനൽ അഭിഭാഷകർ പോലും അതിശയിച്ചു പോയിട്ടുണ്ടായിരുന്നു.
മരിച്ച ശരീരങ്ങളുടെ പരിശോധന നടക്കുന്ന ഫോറൻസിക് രംഗത്ത് ഒരു കാലത്ത് വനിതകൾ ധൈര്യമായി കടന്നു വന്നിരുന്നില്ല. ജഡപരിശോധനയും കോടതി മുറികളിലെ ചോദ്യങ്ങൾ കൊണ്ടുള്ള കിറിമുറിക്കലിനെക്കുറിച്ചുള ആശങ്കകളും സ്വാഭാവികമായും അവരെ ഈ മേഖലയിൽ നിന്ന് അകറ്റി നിർത്തി. ഡോ. ഷെർളി വാസുവാണ് ഈ രംഗത്ത് പരസ്യമായി തിരുത്തെഴുതിയ കേരള വനിത. പോസ്റ്റ്മോർട്ടം ടേബിൾ എന്ന പ്രസിദ്ധമായ പുസ്തകം എന്താണ് മരണത്തിന്റെയും ജഡ പരിശോധനയുടെയും സാമൂഹ്യ ശാസ്ത്രവും ജൈവ ശാസ്ത്രവുമെന്ന് മലയാളിക്ക് പറഞ്ഞു തന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒരു മാസികയിൽ വന്ന അഭി മുഖത്തെ (2006) തുടർന്നായിരുന്നു പുസ്തകത്തിന്റെ പിറവിയെന്ന് ഡോ. ഷെർളി വാസു വിശദീകരിക്കുന്നുണ്ട്.
ഡോ. ഷെർളിക്കും, ഡോ.ശ്രീകുമാരിക്കും പിന്നാലെ ഈ രംഗത്ത് കടന്നു വന്നയാളായിരുന്നു കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ.രമ. ജീവിച്ചിരുന്ന കാലത്ത് കേരളം അധികമായി അറിയാതിരുന്ന വ്യക്തി. ഏറ്റെടുത്ത തൊഴിൽ അതിന്റെ എല്ലാ സൂക്ഷ്മതയോടെയും ചെയ്തു തീർത്ത ഡോക്ടറായിരുന്നു അവർ. ഒരു തെളിവും അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പാക്കി കൊടും കുറ്റവാളികൾ ചെയ്തു കൂട്ടുന്ന വലിയ വലിയ കുറ്റങ്ങൾ പ്രോസിക്യൂഷനോട് ചേർന്ന് നിന്ന് ഇതാ നോക്കൂ, തെളിവിന്റെ ഒരു മുടിനാരിഴ, അല്ലെങ്കിൽ കണ്ണിൽപെടാത്ത ശരീരാവശിഷ്ടം എന്ന് പറഞ്ഞ് കുറ്റവാളികളെ വിറപ്പിച്ച ചരിത്രം ബാക്കി നിർത്തിയാണ് രമയുടെ മടക്കം. തെളിവില്ലാതെ വിട്ടു പോകുമായിരുന്ന പ്രമാദമായതും അല്ലാത്തതുമായ കേസുകളിൽ രമ ഫോറൻസിക് തെളിവുകളുമായി പോലീസിനോട് ചേർന്നു നിന്നു. 1985 ലാണ് ഡോ.പി.രമ ഫോറൻസിക് സർജനാകുന്നത്. കേരളത്തെ പിടിച്ചുലച്ച സിസ്റ്റർ അഭയ കേസ് 2019 ൽ സി.ബി.ഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു ഡോ. രമ. അപ്പോഴേക്കും രോഗാവസ്ഥയിൽ അവശയായി പോയിരുന്ന ഡോ.രമയിൽ നിന്ന് മജിസ്ട്രേറ്റ് വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. അന്നൊന്നും അവർ കേരളത്തിലെ അറിയപ്പെടുന്ന നടനും ആഘോഷിക്കപ്പെടുന്ന വ്യക്തിയുമായ ജഗദീഷിന്റെ ഭാര്യയാണെന്ന് അടുത്തവർക്കല്ലാതെ ആർക്കും അറിയുമായിരുന്നില്ല. എന്തുകൊണ്ടായിരുന്നു ഇങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ജഗദീഷ് പറഞ്ഞിരുന്നു. അക്കാര്യം ഡോ.രമയുടെ മരണാനന്തരം മാധ്യമങ്ങൾ വഴി അറിഞ്ഞു. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ 'ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നതിലും സിനിമാ പ്രസിദ്ധീകരണങ്ങളിൽ ഫോട്ടോ അച്ചടിച്ചു വരുന്നതിലും എനിക്ക് എത്രത്തോളം താൽപര്യമുണ്ടോ, രമക്ക് ഇക്കാര്യത്തിൽ അത്രത്തോളം താൽപര്യമില്ലായ്മയുണ്ട്.'
കല്ലുവാതുക്കൽ വിഷമദ്യ ദുരന്തവും ആ താത്തയെയും സംഭവവുമായി ബന്ധപ്പെട്ട് പ്രതികൂട്ടിലായ രാഷ്ട്രീയ പ്രമുഖരെയുമെല്ലാം കേരളത്തിലെ ഒരു തലമുറക്കറിയാം. പക്ഷേ ആ കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ നിരത്തി പ്രോസിക്യൂഷന് ജീവൻ നൽകിയത് ഡോ.രമയായിരുന്നുവെന്ന് അധിമാർക്കും അറിയില്ല.
കേസുകൾ വളരെ നന്നായി പഠിച്ചായിരുന്നു ഡോ.രമ കോടതികളിൽ എത്തിയിരുന്നത്. സാക്ഷിക്കൂട്ടിലെ അവരുടെ പ്രകടനം കണ്ട് പ്രമുഖരായ ക്രിമിനൽ അഭിഭാഷകർ പോലും അതിശയിച്ചു പോയിട്ടുണ്ടായിരുന്നു. ഡോ.രമയുടെ കണ്ടെത്തലുകളോട് ന്യായാധിപന്മാർക്കും നല്ല മതിപ്പായിരുന്നു. വർക്കല സലിം വധക്കേസിൽ പോലീസിനെ സഹായിച്ചത് ഡോ.രമയുടെ കണ്ടെത്തലുകളാണ്. വെട്ടി നുറുക്കി 16 കഷ്ണങ്ങളാക്കിയ ശേഷം ഗാർബേജ് കവറിലിട്ട് ഉപേക്ഷിച്ച കേസിൽ ഡോ.രമ നൽകിയ പഴുതുകളില്ലാത്ത റിപ്പോർട്ട് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിച്ചു.
അക്കു എന്ന യുവാവ് കൊല്ലപ്പെട്ടത് ട്രെയിൻ തട്ടിയാണെന്ന വാദം പ്രോസിക്യൂഷനൊപ്പം നിന്ന് അങ്ങനെ അല്ലെന്ന് തെളിയിക്കാൻ അവർക്ക് സാധിച്ചു. സ്പിരിറ്റ് മാഫിയ കുടിപ്പക കാരണം അക്കു തലക്കടിയേറ്റ് മരിക്കുകയായിരുന്നു. മറ്റൊരു പ്രമാദ കേസായ മേരിക്കുട്ടി വധക്കേസും തെളിയിക്കാൻ ഡോ.രമ തന്റെ ശാസ്ത്രീയ അറിവുകളുടെ തെളിവ് നിരത്തി. പ്രോസിക്യൂഷന് എന്തു മാത്രം കരുത്തായിരുന്നു ഡോ. രമയെന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ അജിത് കുമാർ അനുസ്മരിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളെയും (ചെന്നൈ മെഡിക്കൽ കോളേജിലെ ഡോക്ടറും തമിഴ്നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡോ.നരേന്ദ്രൻ നായരുടെ ഭാര്യയുമായ രമ്യ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറേ സർജൻ ഡോ.പ്രവീൺ പണിക്കരുടെ ഭാര്യയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്സ്റ്റുമായ ഡോ.സൗമ്യ ജഗദീഷ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ട്.ഭിന്ന ശേഷിയുള്ള കുട്ടികളോട് ഇത്ര സ്നേഹമായി ഇടപെടുന്ന മറ്റൊരു വ്യക്തി ഉണ്ടോ എന്ന് തന്നെ സംശയമാണ്.) ആതുര സേവനത്തിന്റെ വഴിയിലാണ് ഡോ. രമ-ജഗദീഷ് ദമ്പതികൾ മക്കളെ വളർത്തിയത്. കൈയെത്തും ദൂരത്ത് സിനിമയുടെ തിളക്കമുണ്ടായിട്ടും അവരെയൊന്നും ആ വഴിക്ക് വിടാൻ ഈ ദമ്പതികൾ തയാറായില്ല.
താങ്കളുടെ ടേബിളിൽ എത്താതെ പോയതോ, എത്തണമെന്ന് ആഗ്രഹിച്ചതോ ആയ ഏതെങ്കിലും ഒരു ജഡം, അതാരുടേതാണ് എന്ന് ഡോ.ഷെർളി വാസുവനോട് ഒരു അഭിമുഖ കാരൻ ചോദിക്കുന്നുണ്ട്.
രാജന്റെ ജഡം (നക്സലൈറ്റ് വേട്ട കാലത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് കാണതായ ഇരുപത് വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥി) ഇതുവരെ എന്റെ ടേബിളിൽ എത്തിയിട്ടില്ല. എന്നെങ്കിലുമൊരു ദിവസം രാജന്റെ ശരീരത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും എന്റെയീ പോസ്റ്റ്മോർട്ടം ടേബിളിൽ റിട്ടയർമെന്റിന് മുമ്പ് പോലീസ് സുഹൃത്തുക്കൾ എത്തിക്കുമെന്നാണ് അവർ അന്ന് പ്രതീക്ഷ പറഞ്ഞിരുന്നത്. ഒടുവിൽ രാജന്റെ മരണ ശേഷിപ്പ് ടേബിളിലെത്താതെ ഷെർളി ഡോക്ടർ സർവീസിൽ നിന്ന് പിരിഞ്ഞു. ജീവിതത്തിൽ നിന്ന് തന്നെ പിരിഞ്ഞു പോയ ഡോ. രമയോട് അത്തരം ചോദ്യങ്ങൾ ആരും ചോദിച്ചിട്ടുണ്ടാകില്ല. കാരണം അവർ അഭിമുഖങ്ങൾക്ക് ഇരുന്നു കൊടുക്കാത്തയാളായിരുന്നു എന്നതു തന്നെ.സത്യസന്ധയും അര്‍പ്പണ ബോധവുമുള്ള ഡോ. പി. രമ ഫോറൻസിക് രംഗത്ത് മികച്ച മുതല്‍ക്കൂട്ട് ആയിരുന്നു.അവരെ നഷ്ടമായത് കേരള സമൂഹത്തിനും കുറ്റാന്വേഷണ മേഖലക്കും തീരാ നഷ്ടമാണ്.
എന്നുവെച്ച് ഇവരൊന്നും ചരിത്രത്തിൽ നിന്ന് ഇല്ലാതാകില്ല. വൈദ്യ ശാസ്ത്ര മേഖല നിലനിൽക്കുന്ന കാലത്തോളം അവർ തലമുറകളുടെ പാഠപുസ്തകമായി നിലനിൽക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ