മാനന്തവാടി-വയനാട് വന്യജീവി സങ്കേതത്തിലെ വിലക്ക് അവഗണിച്ച് കാട്ടാനകളുടെ ഫോട്ടോയെടുത്ത് സഞ്ചാരികള്‍.
മാനന്തവാടി-വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ തെറ്റ് റോഡിനു സമീപം വാഹനത്തില്‍നിന്നിറങ്ങി കാട്ടാനകളുടെ ഫോട്ടോയെടുത്ത് സഞ്ചാരികള്‍. കഴിഞ്ഞ ദിവസം നടന്ന ഫോട്ടോയെടുപ്പിന്റെ വീഡിയ പുറത്തുവന്നു.
വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയില്‍ വാഹനത്തില്‍നിന്നിറങ്ങുന്നതിനും വന്യജീവികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നതിനും ഭക്ഷണവസ്തുക്കള്‍ നല്‍കുന്നതിനും വിലക്കുണ്ട്. ഇതുസംബന്ധിച്ച് പാതയോരത്ത് വിവിധ ഭാഗങ്ങളില്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. വിലക്ക് അവഗണിച്ചാണ് സഞ്ചാരികള്‍ തെറ്റ് റോഡില്‍ കാട്ടാനകളുടെ ഫോട്ടോയെടുത്തത്. ഇതു അപകടരമാണന്ന് പറഞ്ഞവരോട് ഇവര്‍ തട്ടിക്കയറുകയുമുണ്ടായി. ദേശീയപാത 766ല്‍ കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ റോഡിലിറങ്ങിയ യുവാക്കളെ ആന ഓടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ടൂറിസം സീസണ്‍ ആരംഭിച്ചതോടെ വയനാട്ടില്‍ വനാതിര്‍ത്തികളിലുള്ള റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ടൂറിസ്റ്റുകളെ രാത്രി വാഹനങ്ങളില്‍ ട്രക്കിംഗിനു കൊണ്ടുപോകുന്നതു പതിവുകാഴ്ചയാണ്. ബാവലി, തിരുനെല്ലി, തോല്‍പ്പെട്ടി ഭാഗങ്ങളിലാണ് രാത്രി ട്രക്കിംഗ് കൂടുതല്‍. കാട്ടിലൂടെയുള്ള നിരത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തി വന്യജീവികളുടെ ചിത്രമെടുക്കുന്നതിനും രാത്രി വനമേഖലയില്‍ വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ട്രക്കിംഗ് നടത്തുന്നതിനും എതിരേ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് വനം വകുപ്പ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ