കൊല്ലം- നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് 25 വര്‍ഷം തടവ്. വിവിധ വകുപ്പുകളിലായാണ് ഇത്രയും തടവ് പ്രഖ്യാപിച്ചത്.
മുഴുവന്‍ കുറ്റങ്ങളിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. അതായത്, പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക. പന്ത്രണ്ടര ലക്ഷം രൂപ പിഴയും നല്കാന് കോടതി വിധിച്ചു. രാജ്യം ഉറ്റുനോക്കിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പുറപ്പെടുവിച്ചത്.
തന്റെ പ്രായം പരിഗണിക്കണമെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കിരൺ കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു.
രാജ്യത്ത് സ്ത്രീധനത്തിന്റെ പേരിൽ ആദ്യമായി സംഭവിക്കുന്ന ആത്മഹത്യയല്ല വിസ്മയയുടേത് എന്നും പ്രതിഭാഗം അഭിഭാഷകർ അവകാശപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കരുത്, ആത്മഹത്യ കൊലപാതകത്തിന് തുല്യമല്ല, പ്രതി ജീവപര്യന്തത്തിനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ലോകത്ത് എവിടെയും ആത്മഹത്യക്ക് ജീവപര്യന്തം നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
രാജ്യം ഉറ്റുനോക്കുന്ന വിധിയാണെന്നും ഈ വിധി സമൂഹത്തിന് മാതൃകയാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ നിലത്തിട്ട് ചവിട്ടി, പ്രതിയോട് സമൂഹം ക്ഷമിക്കില്ല, മാനസാന്തരം സംഭവിക്കേണ്ടത് ജയിലിലാണ്, ഇത് വ്യക്തിക്കെതിരായ കുറ്റമല്ലെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
താന്‍ നിരപരാധിയാണെന്നും വിസ്മയയുടേത് ആത്മഹത്യയാണെന്നും വാദിച്ച കിരണ്‍ കുമാര്‍ പ്രായമായ അച്ഛന്റെയും അമ്മയുടെയും പരിചരണം തനിക്കാണെന്നും വ്യക്തമാക്കി.
ഉച്ചയോടെ കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി.
അഞ്ചു മിനിറ്റിന്റെ ഇടവേളക്ക് ശേഷം കോടതി വീണ്ടും ചേർന്നെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട പത്തു കേസുകൾ കോടതി പരിഗണിച്ചു. ഇതിന് ശേഷമാണ് വിസ്മയ കേസിൽ വിധി പ്രഖ്യാപിച്ചത്.
കിരൺ കുമാറിനെതിരെ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാർഹിക പീഡനം) എന്നിവയാണ് കിരൺ കുമാറിനെതിരെ തെളിഞ്ഞത്. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവ.
വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ജൂൺ 21 നാണ് ബി.എ.എം.എസ് വിദ്യാർത്ഥിനി വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത് കേസിൽ വിധി പറഞ്ഞത്.
കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. ഭർതൃവീട്ടിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ