പുനലൂർ-പത്തനാപുരം പാതയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞു താഴ്ന്നു.
മണ്ണിടിഞ്ഞത് കലുങ്കുനിർമാണത്തിനിടെ മൂന്നുദിവസം ഗതാഗതത്തിനു നിരോധനം.പുനലൂർ-മൂവാറ്റുപുഴ പാതയിൽ നെല്ലിപ്പള്ളി ജങ്ഷനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നപ്പോൾ
പുനലൂർ-പത്തനാപുരം-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുനലൂർ നെല്ലിപ്പള്ളി ജങ്ഷനു സമീപം നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു. റോഡിനു മധ്യഭാഗത്തായി വൻകുഴി രൂപപ്പെട്ടതിനെത്തുടർന്ന് മൂന്നുദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ പേപ്പർമിൽ-കാര്യറ-പനമ്പറ്റ റോഡുവഴി തിരിഞ്ഞുപോകണം. തിങ്കളാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച നാലുമണിയോടെയായിരുന്നു സംഭവം. റോഡിനോടുചേർന്നുള്ള തോട്ടിൽനിന്ന് വെള്ളം തിരിച്ചുവിടുന്നതിന് ഏഴുമീറ്റർ ആഴത്തിൽ പൈപ്പുകൊണ്ടുള്ള കലുങ്ക് നിർമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. നേരത്തേ റോഡിന്റെ പകുതിയിൽ നികത്തിയ ഭാഗത്തുനിന്ന് മണ്ണ് ഇടിഞ്ഞുതാഴുകയായിരുന്നു. വാഹനത്തിരക്കേറിയ സമയത്തായിരുന്നു സംഭവം. ഉടൻതന്നെ അധികൃതർ ഇതുവഴിയുള്ള ഗതാഗതംതടഞ്ഞ് വാഹനങ്ങൾ തിരിച്ചുവിട്ടു.
പി.എസ്.സുപാൽ എം.എൽ.എ., പുനലൂർ നഗരസഭാ വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, പുനലൂർ ഡിവൈ.എസ്.പി. ബി.വിനോദ് തുടങ്ങിയവരും സ്ഥലത്തെത്തി.
മെയിൻ ഈസ്റ്റേൺ ഹൈവേ എന്നറിയപ്പെടുന്ന പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ഒന്നരവർഷമായി നടന്നുവരികയാണ്. ജില്ലയിലെ പുനലൂരിൽ ആരംഭിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ, പുനലൂർമുതൽ പൊൻകുന്നംവരെയുള്ള 82.11 കിലോമീറ്റർ ദൂരം ഉന്നതനിലവാരത്തിൽ പുനരുദ്ധരിക്കുന്നതാണ് ഈ റോഡുവികസനപദ്ധതി. 737.64 കോടിയാണ് അടങ്കൽ തുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ