
പുനലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ സംഭവ വികാസങ്ങൾ. ഭരണ സമിതിക്കെതിരെ അതിനിശിത വിമർശനമുയർത്തി ഇടത് പക്ഷത്തെ കേരള കോൺഗ്രസ് (ബി) പ്രതിനിധിയായ കൗൺസിൽ അംഗം പൊട്ടിത്തെറിച്ച ശേഷം ബഹിഷ്ക്കരിച്ചു. ഭരണ സമിതിയെ വിമർശിച്ച ഭരണപക്ഷ അംഗത്തിന് പിന്തുണയുമായി യു.ഡി.എഫ് നേതൃത്വവും.
കൗൺസിൽ ഹാളിൽ യോഗം ആരംഭിച്ച ഉടനെ കേരള കോൺഗ്രസ് (ബി) പ്രതിനിധി പത്തേക്കർ വാർഡ് കൗൺസിലർ ഷൈൻ ബാബു താൻ കൂടി ഉൾപ്പെട്ട ഭരണ സമിതിക്കെതിരെ നിശിത വിമർശനവുമായി എഴുന്നേറ്റു.
പിടിപ്പുകെട്ട ഭരണനേതൃത്വമാണെന്നും ചില ആളുകൾ ഭരണത്തിൻ്റെ തണലിൽ അനർഹമായി നിയമനങ്ങൾ നടത്തുകയാണെന്നും ഇടതുപക്ഷത്തിൻ്റെ ഭാഗമായ തന്നെ നിരന്തരമായി അവഗണിക്കുകയാണെന്നും പറഞ്ഞു.
ഒന്നര വർഷം പിന്നിട്ടിട്ടും തെരുവു വിളക്കുകൾക്കായി ഒരു വാർഡിൽ 30 ബൾബുകൾ മാത്രമാണ് നൽകിയിട്ടുള്ളു എന്നും കുടിവെള്ള പ്രശ്നം അടക്കമുള്ള ജനകീയ പ്രശ്നങ്ങളിൽ നിന്നും ഭരണ സമിതി ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ വാദങ്ങളാണ് പ്രസക്തമെന്നും ഷൈൻ ബാബു പറഞ്ഞു. ഭരണ സമിതി അംഗങ്ങളിൽ പലരും എതിർപ്പറിയിച്ചതോടെ ഷൈന് പിന്തുണയുമായി പ്രതിപക്ഷവും രംഗത്തു വന്നു.
അജണ്ടയിലേക്ക് കടക്കുവാൻ ഭരണ സമിതി ശ്രമിച്ചതോടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ട് അജണ്ട മതിയെന്ന് പ്രതിപക്ഷം നിലപാടെടുത്തു.
ഭരണ സമിതി അംഗങ്ങൾ പറഞ്ഞ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞു കൊണ്ട് ഷൈൻ ബാബു യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
ഭരണ സമിതി അംഗങ്ങൾ തന്നെ പിടിപ്പുകേട് പുറത്തു പറഞ്ഞു തുടങ്ങിയെന്നും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് ഇവരുടെ മുഖമുദ്രയെന്നും ഇടത്പക്ഷ അംഗം തന്നെ പറഞ്ഞ സ്ഥിതിക്ക് അധികാരത്തിൽ തുടരാൻ ഇവർക്ക് ധാർമ്മികമായ ഉത്തരവാദിത്വം നഷടപ്പെട്ടെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ