.jpeg)
സാധാരണക്കാർക്ക് താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പുനലൂർ നഗരസഭയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആരോഗ്യമേഖല ദേശീയതലത്തിൽ ഒന്നാമതാണ്. പൊതുസമൂഹത്തിന്റെ ആരോഗ്യ ബോധമാണ് നേട്ടത്തിന്റെ പ്രധാന കാരണം. മെച്ചപ്പെട്ട ചികിത്സയ്ക്കൊപ്പം രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. വ്യക്തികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ജനകീയ ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായിട്ടുണ്ട്. ക്യാമ്പയിന്റെ ആദ്യഘട്ടമെന്ന നിലയിൽ 140 പഞ്ചായത്തുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി 30 വയസിന് മുകളിലുള്ള എല്ലാവർക്കും ജീവിതശൈലി രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പുനലൂർ കലയനാടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള നഗര പ്രാഥമിക ആരോഗ്യകേന്ദ്രം നിർമിച്ചിട്ടുള്ളത്. തോട്ടം തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 7.30 വരെയാണ് ഒ. പി.... ഫാർമസി, ലാബ്, പ്രതിരോധ കുത്തിവയ്പ്പ്, ജീവിതശൈലി രോഗ ക്ലിനിക്, പകർച്ചവ്യാധി പ്രതിരോധ പ്രവർനത്തങ്ങൾ, ഇ- സഞ്ജീവനി സേവനങ്ങൾ ലഭ്യമാകും.
ചടങ്ങിൽ പി. എസ് സുപാൽ എം.എൽ.എ അധ്യക്ഷനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി. പി ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡി. പി. എം ഡോ. ദേവ്കിരൺ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ