
കണ്ണൂര്‍ മയ്യില്‍ വാഹനാപകടത്തില്‍ മരിച്ചയാളെ കേസില്‍ പ്രതിയാക്കി പൊലിസ്. കൈവരിയില്ലാത്ത മയ്യില്‍ കൊളച്ചേരിയി പള്ളിപ്പറമ്ബ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിനടുത്തുള്ള കനാല്‍ പാലം റോഡില്‍ നിന്നും കനാലിലെ താഴ്ചയിലക്ക് വീണ് മരണമടഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂര്‍ കോടതിയില്‍ പൊലീസ് കേസ് നല്‍കിയത്.
മയ്യില്‍ പൊലിസാണ് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുന്ന 279 വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അശ്രദ്ധമായി വാഹനമോടിച്ചുവെന്നും അപകടമുണ്ടാക്കിയെന്നും കാണിച്ചു മരണമടഞ്ഞ പെരുമാച്ചേരി കാവുംചാല്‍ ചെങ്ങിനി ഒതയോത്ത് സി.ഒ ഭാസ്‌കര(54)ന്റെ കുടുംബത്തിന് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും പിഴയക്കടക്കാന്‍ നോട്ടീസ് കിട്ടിയിരുന്നു. പുതുതായി നിര്‍മിച്ച റോഡിന്റെ നിര്‍മാണത്തിന്റെ അപാകത മൂലമാണ് മരണം സംഭവിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം നില്‍ക്കുമ്പോഴാണ് മയ്യില്‍ പൊലിസ് അന്വേഷണം പൂര്‍ത്തീകരിച്ചു അപകടത്തില്‍ മരിച്ച ഭാസ്‌കരനെ കുറ്റക്കാരനായി കാണിച്ച് കേസ് അവസാനിപ്പിച്ചത്.
ഭാസ്‌കരന്റെ അപകട മരണം നടന്നതിനു ശേഷമുണ്ടായ ജനരോഷത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെതിരെ ശക്തമായ ആരോപണമുയര്‍ന്നതിനെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി തടഞ്ഞിരുന്നു. ഇതിനുശേഷം കാവുംചാല്‍ റോഡ് സംരക്ഷണ സമിതി രൂപീകരിക്കുകയും റോഡിന് യുദ്ധകാലടിസ്ഥാനത്തില്‍ കൈവരി നിര്‍മിക്കുകയും ചെയ്തിരുന്നു.
ഒരു മണിക്കൂറോളം കനാലില്‍ കിടന്ന ഭാസ്‌കരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. റോഡിന് കൈവരി നിര്‍മിക്കണമെന്നത് പ്രദേശവാസികളുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇതുപരിഗണിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയ്യാറായില്ല. ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നുവെങ്കിലും ഇതും തള്ളിക്കളയുകയായിരുന്നു.
കുദ്രോളി കണ്‍സ്ട്രക്ഷന്‍ കമ്ബിനിയാണ് റോഡിന്റെ പുനര്‍നിര്‍മാണം നടത്തിയിരുന്നത്. എന്നാല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെയൊന്നും ചോദ്യം ചെയ്യാതെ മയ്യില്‍ പൊലിസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പൊലിസ് നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഭാസ്‌കരന്റെ ഭാര്യ കെ.കെ ശൈലജ അറിയിച്ചു. നേരത്തെ ഇവര്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന് പരാതി നല്‍കിയിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ