
അയല്‍ക്കൂട്ടത്തിന് ലഭിച്ച സ്വര്‍ണ്ണ സമ്മാനം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത് വിറ്റുവെന്ന് ആരോപിച്ച് കുടുംബശ്രീ അംഗങ്ങള്‍ പ്രതിഷേധം നടത്തി.
തിരുവനന്തപുരം പൂവാര്‍ പഞ്ചായത്തിലെ ശൂലംകുടി പാണംവിളയില്‍ പ്രവര്‍ത്തിക്കുന്ന അഭയ എസ് സി അയല്‍ക്കൂട്ടത്തിന് ലഭിച്ച സമ്മാനമാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായുള്ള ആരോപണം. സരസ് മേളയില്‍ നറുക്കെടുപ്പിലൂടെയായിരുന്നു അയല്‍ക്കൂട്ടത്തിന് സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിച്ചത്.
പഞ്ചായത്ത് അംഗങ്ങളും അയല്‍ക്കൂട്ടം അംഗങ്ങളും കുടുംബശ്രീയുടെ ഓഫീസിലെത്തിയായിരുന്നു പ്രതിഷേധം അറിയിച്ചത്. അംഗങ്ങള്‍ക്കൊപ്പം പൂവാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ലോറന്‍സ്, അംഗങ്ങളായ ശരത് കുമാര്‍, ലിഷാ ബോബന് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നാളെ വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് 250 രൂപ നല്‍കിയാണ് അംഗങ്ങള്‍ സമ്മാനക്കൂപ്പണെടുത്തത്. നറുക്കെടുപ്പില്‍ ഇവര്‍ക്ക് മൂന്നാം സമ്മാനമായ സ്വര്‍ണ്ണനാണയം ലഭിച്ചു. എന്നാല്‍, അയ്യായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്നും അത് ഓഫീസില്‍ സൂക്ഷിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.
അതിനിടെ കുടുംബശ്രീയുടെ ഉന്നത ഉദ്യോഗസ്ഥരും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ട അവലോകനയോഗത്തില്‍ വെച്ച് അയല്‍ക്കൂട്ടത്തിന് അരപ്പവന്‍ സമ്മാനം ലഭിച്ച വിവരം പുറത്തറിഞ്ഞു. ഇതിന് പിന്നാലെ അയല്‍ക്കൂട്ടം ഭാരവാഹികള്‍ പഞ്ചായത്തിന് പരാതി നല്‍കുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ