
പുനലൂർ താലൂക്കാശുപത്രിക്കും സൂപ്രണ്ടിനുമെതിരെ സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിച്ച് സ്വകാര്യവ്യക്തി ഫയൽചെയ്ത റിട്ട് ഹർജി ഹൈക്കോടതി തള്ളി.
പുനലൂർ ചെമ്മന്തൂർ ലത്തീഫ് മൻസിലിൽ അബ്ദുൽ സലാം നൽകിയ ഹർജിയാണ് ആരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ട് ഹൈക്കോടതി തള്ളിയത്.
അനധികൃത സ്വത്ത് സമ്പാദനം, നിർമാണഫണ്ട് അഴിമതി, 13 വർഷമായി ഒരേ ആശുപത്രിയിൽ സൂപ്രണ്ടായി തുടരുന്നു, 300 ജീവനക്കാരെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പിൻവാതിലിലൂടെ നിയമിച്ചു, നിയമവിരുദ്ധമായി ആശുപത്രി രേഖകൾ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി ഫയൽ ചെയ്തത്.
എന്നാൽ, വിജിലൻസിന്റെ പരിശോധനാ റിപ്പോർട്ടിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഹർജി തള്ളിക്കളഞ്ഞത്.
13 മത്തെ പഞ്ചവത്സര പദ്ധതിയിൽ സർക്കാർ മാതൃകയായി പരാമർശിക്കുന്നത് പുനലൂർ താലൂക്കാശുപത്രി ആണെന്നും താലൂക്കാശുപത്രിയുടെ അസൂയാവഹമായ വളർച്ചയും സേവനങ്ങളുമാണ് ആരോപണങ്ങൾക്ക് നിദാനമെന്നും അന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നിരീക്ഷിച്ചു.
സ്വകാര്യ ആശുപത്രികളിൽ ഇല്ലാത്ത സംവിധാനങ്ങൾ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചതും പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കിയതും ആരോപണങ്ങൾക്ക് ഇടയാക്കി.
തുടർന്ന് ഹർജിക്കാരന്റെ വാദങ്ങളെല്ലാം കഴമ്പില്ലെന്നു കണ്ട് കോടതി തള്ളിക്കളയുകയായിരുന്നു. ഹൈക്കോടതി ജഡ്ജി കെ ബാബു ആണ് വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി പരാമർശം സർവീസിനിടയിലെ വലിയ അംഗീകാരമാണന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഷാഹിർഷാ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ