കൊല്ലം ജില്ലയില്‍ കൂടി കടന്നു പോകുന്ന വളരെ പ്രധാനപ്പെട്ട റോഡായ തിരുവനന്തപുരം അങ്കമാലി സ്റ്റേറ്റ് ഹൈവേ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് 400 കോടി രൂപ ചിലവഴിച്ച വികസന പ്രവർത്തനം നടത്തിയ റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്.
കൊട്ടാരക്കര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിന്റെ ആയൂർ മുതൽ ഏനാത്ത് പാലം വരെയുള്ള ഭാഗം സുരക്ഷാ ഇടനാഴി എന്നാണ് കെ.എസ്.ടി.പി പ്രഖ്യാപിച്ചിട്ടുള്ളത്..
എന്നാൽ ഈ ഭാഗത്തുള്ള റോഡിൽ യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും നടത്താൻ കെ.എസ്.ടി. പി ക്കു സാധിച്ചിട്ടില്ല. ഈ ഭാഗം യാത്രക്കാരെ മരണത്തിലേക്ക് നയിക്കുന്ന ഇടനാഴി ആയി മാറി.
കഴിഞ്ഞ ദിവസം ദമ്പതികളും കുഞ്ഞുമടക്കം 3 ജീവനുകളാണ് സുരക്ഷ ഇടനാഴിയുടെ ഭാഗമായി വരുന്ന കുളക്കടയിൽ വാഹന അപകടത്തിൽ പൊലിഞ്ഞത്. നാടിനെ നടുക്കുന്ന അപകടങ്ങളും മരണങ്ങളും ആണ് ദിനംപ്രതി സംഭവിക്കുന്നത്.
അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വൻ അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശക്തമായ അന്വേഷണം നടത്താൻ ബഹു:മന്ത്രി തയ്യാറാക്കണമെന്നും കെ.എസ്.ടി.പിയുടെ അനാസ്ഥയ്ക്കെതിരെ കൊട്ടാരക്കര കെ.എസ്.ടി.പി ഓഫീസിലേക്ക് ജൂലൈ എട്ടിന് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
എം സി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ട് വയ്ക്കുകയും ചെയ്തു.
കുളക്കട വാളകം തുടങ്ങിയ സ്ഥലങ്ങളിൽ ഫുട് ഓവർബ്രിഡ്ജ് സ്ഥാപിക്കുക. കുട്ടികളും മുതിർന്നവരും തിരക്കേറിയ റോഡിൽ ക്രോസ് ചെയ്യുന്നത് ഒഴിവാക്കാനും അതുവഴി അപകടങ്ങൾ കുറയ്ക്കുവാനും കഴിയും.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായ ട്രോമാ കെയറിൽ ന്യൂറോ,ഓർത്തോ വിഭാഗത്തിന്റെ ഡോക്ടർമാരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കി സേവനം നൽകുക. അത്യാഹിതം സംഭവിച്ചവരെ റഫർ ചെയ്ത് മറ്റ് ആശുപത്രികളിൽ അയക്കാതെ ഇവിടെ തന്നെ സമയബന്ധിതമായ ചികിത്സ നൽകി ജീവൻ രക്ഷിക്കുക.വാളകം,പനവേലി,മൈലം, കുളക്കട ഭാഗങ്ങളിൽ ബ്രേക്കറുകൾ സ്ഥാപിക്കുക.സീബ്ര ലൈൻ വരച്ചിട്ടുള്ള ഭാഗങ്ങളിൽ ആവശ്യത്തിന് റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുക.അപകട സാധ്യത മുന്നറിയിപ്പുകൾ ബ്ലാക്ക് സ്പോട്ട് സ്ഥലങ്ങൾക്ക് മുൻപായി ഒന്നിലധികം സ്ഥലത്ത് സ്ഥാപിക്കുക.വളരെ അപകടം ഉള്ളതും നിരവധി അപകടങ്ങൾ നടന്നിട്ടുള്ളതുമായ സ്ഥലങ്ങളിൽ പ്രത്യേകിച്ച് വളവുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കുക.സുരക്ഷ ഇടനാഴി ഭാഗങ്ങളിൽ ആവശ്യമായ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുക. കൊട്ടാരക്കരയിൽ എംസി റോഡിന് സമാന്തരമായി ബൈപ്പാസ് നിർമ്മിച്ച് ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുക.
സുരക്ഷാ ഇടനാഴി എന്നറിയപ്പെടുന്ന ഈ പാതയിലെ നിരന്തരമായ അപകടങ്ങൾ ഒഴിവാക്കുന്നതിന് മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ. കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ജി അലക്സ് എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ