
ആഡിറ്റോറിയം ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞ് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യുണിയൻ്റെ ഓഫീസിനോട് ചേർന്ന ആഡിറ്റോറിയം അടച്ചുപൂട്ടാൻ പുനലൂർ മുനിസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. ഒടുവിൽ ഉത്തരവ് നടപ്പിലാക്കാൻ പാടില്ലെന്നും മന്ദിരത്തിൻ്റെ ഒക്കുപ്പെൻസി തരം മാറ്റി നൽകാനും തീരുമാനമായി.
ആഡിറ്റോറിയം അടച്ചു പൂട്ടിയ വിഷയത്തിലെ നടപടിക്രമം റദ്ദ് ചെയ്യണമെന്ന് കാണിച്ച് എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി നൽകിയ കത്ത് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നപ്പോഴാണ് പ്രശ്നം ജനശ്രദ്ധയിൽ വന്നത്.
തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ നൽകിയ ഉത്തരവ് അനുസരിച്ചാണ് കഴിഞ്ഞ മാർച്ച് 24ന് എൻ.എസ്.എസ് ആഡിറ്റോറിയം അടച്ചുപൂട്ടാൻ നഗരസഭ സെക്രട്ടറി എ.നിഷാദ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് കൗൺസിൽ നോട്ടീസിൽ പറയുന്നത്. എന്നാൽ ഓംബുഡ്സ്മാൻ ഉത്തരവിൽ കെട്ടിടം അടച്ചു പൂട്ടാൻ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് രംഗത്തുവന്നു. ഓംബുഡ്സ്മാനിൽ ഈ വിഷയം പരിഗണനയ്ക്കു വന്ന സാഹചര്യവും വിവരിച്ചു. മന്നം ജയന്തിയും സമാധിയും കരയോഗ ഭാരവാഹികളുടെ യോഗങ്ങളും മറ്റും ചേരുന്ന ഹാളിനെ ആഡിറ്റോറിയമായി പരിഗണിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് നിലപാടെന്നും അറിയിച്ചു. വിശ്വാസ സമൂഹത്തോട് നഗരസഭ അധികാരികളുടെ നിഷേധ നിലപാട് അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. എൽ.ഡി.എഫിൽ നിന്നും കേരള കോൺഗ്രസ് (ബി) പ്രതിനിധി ഷൈൻ ബാബുവും പ്രതിപക്ഷ നിലപാടിനെ അനുകൂലിച്ച് രംഗത്തുവന്നു.
ദീർഘമായ ചർച്ചകൾക്കൊടുവിൽ എൻ.എസ്.എസ് ഹാൾ പൂട്ടി സീൽ ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നോട്ടീസ് പതിക്കുക മാത്രമാണ് ഉണ്ടായതെന്നും തൻ്റെ ഉത്തരവ് റദ്ദാക്കാൻ കൗൺസിലിന് അധികാരമുണ്ടെന്നും സെക്രട്ടറി അറിയിച്ചു.
തുടർന്ന് എൻ.എസ്.എസ് ഹാൾ പൂട്ടേണ്ടതില്ലെന്നും എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറിയുടെ അപേക്ഷ പ്രകാരം ഹാളിൻ്റെ തരം മാറ്റി നൽകാനും കൗൺസിൽ തീരുമാനിച്ചു.
എന്നാൽ കൗൺസിൽ തീരുമാനം വന്ന ശേഷം എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി നികുതി ഇളവിനായി നൽകിയ അപേക്ഷ നിരസിച്ചു കൊണ്ട് നഗരസഭ സെക്രട്ടറി എൻ.എസ്.എസിന് കത്ത് നൽകി.
എൻ.എസ്.എസ് ഹാളുകളും ചില ക്രിസ്ത്യൻ ചർച്ച്കളോട് ചേർന്ന ഹാളുകളും പൂട്ടി സീൽ വെക്കുന്ന നഗരസഭ സെക്രട്ടറിയുടെ നടപടികളെ കുറിച്ചും ആയിരങ്ങൾ ആരാധന നടത്തുന്ന റോമാ പള്ളിയുടെ കുരിശടിക്കു തൊട്ടു മുന്നിൽ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ കക്കൂസ് നിർമ്മിക്കുന്നതും ഭരണസമിതി അറിയുന്നുണ്ടോ എന്ന കാര്യവും സംശയമാണെന്നും കൗൺസിൽ തീരുമാനം വന്നിട്ടും എൻ.എസ്.എസ് നൽകിയ നികുതി ഇളവിനുള്ള അപേക്ഷ നിരസിച്ചത് പ്രതികാര നടപടിയാണെന്നും യു.ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ