എൻ.എസ്.എസും പുനലൂർ നഗരസഭയും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നിൽ സി.പി.ഐയും കെ.ബി ഗണേശ് കുമാർ എം.എൽ.എയും തമ്മിലുള്ള ശീതസമരമാണെന്ന പ്രചരണം വ്യാപകമാകുന്നു.
കഴിഞ്ഞ ദിവസം എൻ.എസ്.എസിൻ്റെ മേഖല സമ്മേളനത്തിൽ പുനലൂർ നഗരസഭ സെക്രട്ടറിയെ പാഠം പഠിപ്പിക്കുമെന്നും സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നുമുള്ള പ്രസംഗം വലിയ ചർച്ചയായിരിക്കുകയാണ്.
എൻ.എസ്.എസ് ആഡിറ്റോറിയം അടിച്ചു പൂട്ടി സീൽ ചെയ്ത നടപടി സംബന്ധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട ചർച്ചയ്ക്കു വന്നപ്പോൾ നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ് പ്രതിഷേധവുമായി രംഗത്ത് വന്നു.
ഓംബുഡ്സ്മാൻ്റെ ഉത്തരവിനെ തുടർന്നാണ് ഹാൾ പൂട്ടി സീൽ ചെയ്തതെന്ന സെക്രട്ടറിയുടെ മറുപടിയിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ ഹാൾ പൂട്ടിയിട്ടില്ലെന്നും പൂട്ടാൻ ഓംബുഡ്സ്മാൻ്റെ വിധി ഇല്ലെന്നും തർക്കിച്ചു.
ഭരണപക്ഷത്തെ കേരള കോൺഗ്രസ് പ്രതിനിധി ഷൈൻ ബാബു പ്രതിപക്ഷ നിലപാടിനൊപ്പം ചേർന്നു. ഒടുവിൽ ഹാൾ പൂട്ടേണ്ടതില്ലെന്നും എൻ.എസ്.എസിൻ്റെ ആവശ്യപ്രകാരം കെട്ടിടത്തിൻ്റെ തരം മാറ്റി നൽകാനും തീരുമാനമെടുത്തു.
എന്നാൽ എൻ.എസ്.എസ് നികുതി ഇളവിനായി നൽകിയ അപേക്ഷ നിരസിച്ചു കൊണ്ട് സെക്രട്ടറി തിരിച്ചടിച്ചു. കൂടാതെ ചില കരയോഗങ്ങൾക്കുള്ള കുടിശ്ശിക നികുതിക്കായി നോട്ടീസും നൽകി. ഇതു കൂടി ആയതോടെ പ്രകോപിതനായാണ് ഗണേശ് കുമാർ പൊട്ടിത്തെറിച്ചത്.
രാഷ്ട്രീയ പിന്തുണ ഇല്ലാതെ സെക്രട്ടറി തനിച്ച് ഇങ്ങനെ ചെയ്യാൻ ധൈര്യപ്പെടില്ലെന്നാണ് എൻ.എസ്.എസ് കരുതുന്നത്.
പത്തനാപുരത്തെ സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങൾ അവർ ചേർത്തു വായിക്കുകയാണ്.
എന്നാൽ നഗരസഭയിലെ പ്രതിപക്ഷത്തെ മാത്രം മുഖവിലയ്ക്കെടുത്ത് സെക്രട്ടറിക്കെതിരെ ഗണേശ് കുമാർ നടത്തിയ പ്രയോഗങ്ങൾ പാടില്ലായിരുന്നുവെന്നാണ് ചില ഇടത് കേന്ദ്രങ്ങൾ പറയുന്നത്.
പുനലൂര് ന്യൂസ് ബ്യുറോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ