
റോഡ് കട്ടിംഗിന് ശേഷം സഞ്ചാരയോഗ്യമാക്കേണ്ടുന്ന ഉത്തരവാദിത്തവും നിര്‍വ്വഹണ ഏജന്‍സിക്ക് തന്നെയാണെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വ്വീണ്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ ജലജീവന്‍ മിഷന്റെ ജില്ലാതല പ്രവര്‍ത്തികളുടെ അവലോകനം നടത്തുകയായിരുന്നു കളക്ടര്‍. ജില്ലയിലെ പല റോഡുകളും റോഡ് കട്ടിംഗിന് ശേഷം സഞ്ചാര-ഗതാഗത യോഗ്യമല്ലാതായിരിക്കുന്ന അവസ്ഥയുണ്ട്. ഇത് ശരിയായ പ്രവണതയല്ല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് കട്ടിംഗിന് ശേഷം ദുരവസ്ഥയില്‍ കിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ ലിസ്റ്റ് അടിയന്തരമായി തയാറാക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളും വാട്ടര്‍ അതോറിട്ടിയും നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി പിഡബ്യുഡി, എന്‍എച്ച്എ,കെഎസ്ടിപി,കെആര്‍എഫ്ബി ജില്ലാതല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട പഞ്ചായത്തുള്‍പ്പെടെയുള്ളവയുടെയും യോഗം ഈ മാസം 16-ന് വിളിച്ചു ചേര്‍ക്കും.
ജില്ലാ ജല ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. പദ്ധതിപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റോഡ് കട്ടിംഗ്, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി അനുമതി ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പദ്ധതിക്കായി ലഭ്യമാക്കേണ്ട 13 സര്‍ക്കാര്‍ ഭൂമികളില്‍ 12-ഉം ലഭ്യമായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അന്തിമമായി ലഭ്യമാക്കേണ്ട 10 സെന്റ് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച റവന്യു ഭൂമിയുടെ സര്‍വ്വേ നമ്പര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ വില സംബന്ധിച്ച് തര്‍ക്കമുള്ളയിടങ്ങളില്‍ ബന്ധപ്പെട്ട ഭൂവുടമകളുമായി ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വകാര്യ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ തലത്തില്‍ ലിസ്റ്റ് തയാറാക്കി കളക്ടറേറ്റ് ലാന്റ് അക്വിസിഷന്‍ സെക്ഷന് കൈമാറുന്നതിന് തഹസില്‍ദാര്‍മാര്‍ അടിയന്തര നടപടി സ്വീകരിക്കണം. 2023 അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനായി അടിയന്തര നടപടികളിലേയ്ക്ക് കടക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, പഞ്ചായത്ത് , വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ