പുനലൂര്‍ ടൌണ്‍ എല്‍.പി.ജി.എസ് സ്കൂളിന് സമീപമുള്ള ബി.ആര്‍.സിയുടെ പഴയ കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ക്ക് മൌനം.
18/04/2002 ല്‍ ഉദ്ഘാടനം നടന്ന കെട്ടിടം നിര്‍മ്മാണത്തിലെ അപാകത മൂലം ഏതാനം വര്‍ഷങ്ങള്‍ മാത്രമാണ് ഈ കെട്ടിടത്തില്‍ ബി.ആര്‍.സി പ്രവര്‍ത്തിച്ചത്.
ഇപ്പോള്‍ ഈ കെട്ടിടം പൂര്‍ണ്ണ തകര്‍ച്ച നേരിടുകയാണ്.ഇതിന് തൊട്ടടുത്ത് ആണ് എല്‍.പി.ജി.എസ് സ്കൂളിന്റെ കഞ്ഞിപ്പുര.സ്കൂള്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതും കൂടാതെ ബി.ആര്‍.സിയുടെ കെട്ടിടം,കഞ്ഞിപ്പുര ഇവ അടുത്തുള്ളതിനാലും ഏറെ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു.സ്കൂളില്‍ നിന്നും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റുവാന്‍ നിരവധി തവണ നഗരസഭക്ക് കത്ത് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ കെട്ടിടത്തിന്റെ ഭിത്തികള്‍ വിണ്ടു കീറി പരിസരം കാട് പിടിച്ചു കിടക്കുന്നതിനാലും സ്കൂളിലെ കുട്ടികള്‍ക്ക് ഇഴജന്തുക്കള്‍ മൂലമുള്ള ആപത്ത് ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്.
സമയ ബന്ധിതമായി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതാണ് ഈ രീതിയില്‍ കെട്ടിടങ്ങള്‍ തകരാന്‍ കാരണം എന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ജി ജയപ്രകാശ് പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് ആണ് നഗരസഭ നല്‍കുന്നതെന്നും അണ്‍ഫിറ്റ് നഗരസഭ നല്‍കാറില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.മുനിസിപ്പല്‍ അധീനതയില്‍ ഉള്ളതും തകര്‍ച്ച നേരിടുന്നതുമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ട ഉത്തരവാദിത്വം പിന്നെ ആര്‍ക്കാണ് എന്നുള്ള ചോദ്യം ഉയരുന്നു.
2002ല്‍ പണിത കെട്ടിടം ആണെങ്കിലും നിര്‍മ്മാണ അപാകത മൂലമാണ് കെട്ടിടം തകരാന്‍ കാരണം എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഇപ്പോഴും കെട്ടിടം നന്നായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് പൊളിച്ചു മാറ്റുവാനുള്ള തടസം എന്നാണ് മനസിലാക്കുവാന്‍ കഴിയുന്നത്.കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതിയും അശാസ്ത്രീയതയും ഈ കെട്ടിടം പൊളിച്ചാല്‍ സര്‍ക്കാര്‍ ഭാഗത്ത് അന്വേഷണം വരും എന്നുള്ളത് കൊണ്ടാണ് കെട്ടിടം അതേപടി നിലനിര്‍ത്തിയിരിക്കുന്നത് എന്ന് ആക്ഷേപം ഉണ്ട്.
പൊളിച്ചു മാറ്റാതിരിക്കുവാന്‍ എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും തൊട്ടടുത്ത കെട്ടിടങ്ങളില്‍ ആളുകള്‍ ജോലി ചെയ്യുന്നതിനാല്‍ ഇവരുടെ ജീവന് തന്നെ ആപത്ത് നേരിടുവാനുള്ള സാധ്യത ഏറെയാണ്.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ