വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് തീവച്ചു നശിപ്പിച്ചു. ഒരെണ്ണം പൂർണമായും കത്തിനശിച്ചു. മറ്റൊരു ആംബുലൻസ്, ബൈക്ക് എന്നിവയ്ക്കു ഭാഗികമായി നാശമുണ്ടായി. ചാത്തന്നൂർ താഴം മാടൻനടയ്ക്കു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു സംഭവം. കരുണ ആംബുലൻസ് സർവീസ് ഉടമ ശ്രീപാദത്തിൽ അഭിലാഷിന്റെ താമസസ്ഥലത്തു പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ് കത്തിനശിച്ചത്.
പുലർച്ചെ വലിയ ശബ്ദം കേട്ടു നോക്കുമ്പോൾ ആംബുലൻസ് കത്തുന്നതാണു കണ്ടത്. അടുക്കാൻ കഴിയാത്ത തരത്തിൽ തീ ആളിപ്പടർന്നിരുന്നു. ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നു. ഇവയും ഇന്ധനടാങ്കും പൊട്ടിത്തെറിക്കാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി.
ഇതിനിടെ സമീപത്തു കിടന്ന മറ്റൊരു വലിയ ആംബുലൻസിൽ കൂടി തീപടർന്നെങ്കിലും അണച്ചു. ഇതിനു കേടുപാടു സംഭവിച്ചു. തീപിടിച്ചു ബൈക്കും ഭാഗികമായി നശിച്ചു. കത്തിനശിച്ചത് ഉൾപ്പെടെ 5 ആംബുലൻസുകൾ, കാർ, ബൈക്ക്, സ്കൂട്ടർ എന്നിവ സംഭവസമയം ഇവിടെയുണ്ടായിരുന്നു. ഏതാനും ആഴ്ച മുൻപ് ഇവിടെ പാർക്ക് ചെയ്തിരുന്ന മൊബൈൽ മോർച്ചറിയുടെ ചില്ലുകൾ തല്ലിപ്പൊട്ടിച്ചിരുന്നതായി പറയുന്നു. ഉടമയുടെ പരാതിയിൽ ചാത്തന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ തെളിവെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ